“അമ്മയുടെ കാഴ്ചപ്പാടിൽ സ്ത്രീയും പുരുഷനും രണ്ടല്ല. എവിടെയാണോ സ്നേഹവും കാരുണ്യവും അമിതമായി പ്രകടമാകുന്നത് അതിനെല്ലാം സ്ത്രീ ഭാവം നൽകുന്ന സംസ്കാരമാണ് ഭാരതത്തിന്റേത്. ഗോ മാതാ, ഭൂ മാതാ, ദേശ മാതാ, വേദ മാതാ എന്ന സങ്കല്പങ്ങൾ ഇതിനുദാഹരണമാണ്.” അമ്മ
അമൃതപുരി: ലോകത്തിന് മുന്നിൽ അമ്മ എന്നും സ്നേഹത്തിന്റേയും ശാന്തിയുടെയും പ്രതീകമായാണ് നിലകൊള്ളുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ അലയൊലികൾ മുഴങ്ങുന്ന വേളയിൽ മാതാ അമൃതാനന്തമയീ മഠം വീണ്ടും മഹത്തരമായ ഒരു ചുവട് വയ്ക്കുകയാണ് 108 സ്ത്രീകളാൽ നടത്തപ്പെടുന്ന വിശ്വ കല്യാണ യജ്ഞത്തിലൂടെ. മഠത്തിന്റെ ലോകമെമ്പാടുമുള്ള ആശ്രമ ശാഖകളിൽ ബ്രഹ്മചാരിണീ സന്ന്യാസിനിമാർ വർഷങ്ങളായി പൂജ നടത്തി വരുന്നു. ഇരുപതിലധികം ക്ഷേത്രങ്ങൾ ഇന്ത്യയിലുടനീളമായി 1987 മുതൽ അമ്മ പ്രാണപ്രതിഷ്ഠ നിർവ്വഹിച്ചിട്ടുമുണ്ട്.
ലോകം ഇന്ന് നേരിടുന്ന മഹാമാരികളുടേയും യുദ്ധത്തിന്റെയും കാർമേഘങ്ങൾ നീങ്ങി ശാന്തിയുടേയും സമാധാനത്തിന്റേയും പുതുവെട്ടം ലോകമാകെ പരക്കുന്നതിനായി അമ്മ വിഭാവനം ചെയ്ത സങ്കൽപ്പമാണ് ഈ യജ്ഞം. കൂട്ടായ പ്രാർത്ഥനകൾക്കും നമ്മുടെ സങ്കല്പത്തിനുമുള്ള പരിവർത്തനശക്തിയെക്കുറിച്ച് അമ്മ എപ്പോഴും എടുത്ത് പറയാറുണ്ട്. കൂട്ടായ് വരുന്ന തിന്മയുടെ തിക്തഫലങ്ങൾ നമ്മൾ ഒരുമിച്ച് നിന്നാൽ മാത്രമാണ് നന്മയുടെ പുഞ്ചിരികളാക്കാനാവുക. മാറ്റി നിർത്തണ്ടവളല്ല സ്ത്രീ എന്നതിനപ്പുറം നയിക്കേണ്ടവളാണ് സ്ത്രീ എന്ന് പ്രവൃത്തിയിലൂടെ അടിവരയിട്ട് ഉറപ്പിക്കുകയാണ് അമ്മ ചെയ്യുന്നത്.
മാർച്ച് 30-ന് ഇന്ത്യൻ സമയം കാലത്ത് 6 മണിക്ക് ലോകശാന്തിക്കുവേണ്ടിയുള്ള അമ്മയുടെ ദിവ്യ സങ്കല്പത്തിനും നിർദ്ദേശത്തിനും അനുസരിച്ച് മാതാ അമൃതാനന്ദമയീ മഠത്തിലെ അമ്മയുടെ പ്രിയ ശിഷ്യകളായ സന്ന്യാസിനീ-ബ്രഹ്മചാരിണിമാരുടെ മുഖ്യ കാർമികത്വത്തിൽ, അമൃതപുരി ആശ്രമത്തിലും ആശ്രമത്തിന്റെ ലോകമെമ്പാടുമുള്ള ശാഖകളിലും നടക്കുന്ന ഈ 108 ഗണപതി-നവഗ്രഹ-മൃത്യുഞ്ജയ ഹോമങ്ങളിൽ പങ്കാളിയാവുമ്പോൾ താങ്കളും മാറ്റത്തിന്റെ ഒരു വലിയ ചവിട്ടു പടിക്കൽ ഭാഗവാക്കാവുകയാണ്. വെല്ലുവിളയുടെയും, മഹാമാരിയുടെയും അശാന്തമായ ആകാശ ചിത്രം സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പുഞ്ചിരിയാൽ നമുക്ക് ഒരുമിച്ച് മാറ്റി വരയ്ക്കാം.
“കൂട്ടായ് പ്രവർത്തിക്ക മക്കൾ
ലോകകൂട്ടായ്മയിൽ വിശ്വസിക്കൂ
കൂട്ടായ സോദ്ദേശ കർമ്മങ്ങളാൽ
വിശ്വമൊട്ടാകെ ഐശ്വര്യം മുറ്റും”
അമ്മ