പ്രവാസി മലയാളികളുടെ ആത്മാഭിമാനമായ കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിയുടെ പന്ത്രണ്ടാമത് പ്രഖ്യാപന സമ്മേളനം കാനഡയിലെ ബ്രാംപ്ടന്‍ മെലെനിയം ഗാര്‍ഡന്‍സ് ബാങ്ക്വറ്റ് സെന്ററില്‍ വെച്ച് പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. നിരവധി വള്ളംകളി പ്രേമികളുടെയും വീശിഷ്ടാതിഥികളുടെയും, വിവിധ രാഷ്ട്രീയ സാമൂഹ്യ, സംഘടനാ നേതാക്കളുടെയും സാന്നിധ്യത്തില്‍ ബ്രാംപ്ടന്‍ മേയറും ബ്രാംപ്ടന്‍ ബോട്ട് റേസ് പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാനുമായ പാട്രിക്ക് ബ്രൗണ്‍ കിക്ക് ഓഫ് കര്‍മ്മം നിര്‍വഹിച്ചു.
ലോക മലയാളികളുടെ ശ്രദ്ധയാകര്‍ഷിച്ച, കാനഡയിലെ തന്നെ ഒരു വലിയ ഉത്സവമായി മാറിയ ബ്രാംപ്ടന്‍ വള്ളം കളിയുടെ പ്രവര്‍ത്തനങ്ങളുടെ തുടക്കം ഇതോടെ ആരംഭിച്ചിരിക്കയാണ്. മലയാളി സമൂഹം മാത്രമല്ല വിവിധ ഇന്ത്യന്‍ സമൂഹങ്ങളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരും കാനഡയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പോലും പങ്കെടുക്കുന്ന ഈ വള്ളംകളി ഇന്ന് പ്രവാസി മലയാളി സമൂഹത്തിനു ആകമാനം അഭിമാനമാണ്.
നിരവധി വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ശ്രീമതി അപൂര്‍വ്വ ശ്രീവാസ്തവ ഈ വര്‍ഷത്തെ വള്ളംകളിയുടെ രക്ഷാധികാരിയായിരിക്കുമെന്ന് സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനം അറിയിച്ചു.