കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടന് ദിലീപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബില്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.
പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായ ഐജി കെ.പി ഫിലിപ്, ക്രൈംബ്രാഞ്ച് എസ്പിമാരായ കെ.എസ് സുദര്ശന്, എം.ജെ സോജന്, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജ പൗലോസ് എന്നിവരും ചോദ്യം ചെയ്യലില്‍ പങ്കെടുക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന് ബാലചന്ദ്ര കുമാര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലും ശാസ്ത്രീയ പരിശോധനകളില്‍ നിന്നുള്ള വിവരങ്ങള്‍ വെച്ചുകൊണ്ടുമാണ് ചോദ്യം ചെയ്യല്‍. നേരത്തെ ഹൈക്കോടതി അനുമതിയോടെ മൂന്നു ദിവസം 33 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപ് വീട്ടില്‍ വച്ച് കണ്ടുവെന്നും കേസിലെ സാക്ഷികളെ സ്വാധീനിച്ചുവെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതുപ്രകാരം ദിലീപിന്റെയും ബന്ധുക്കളുടെയും ഏഴ് ഫോണുകള്‍ അേന്വഷണ സംഘം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനമാക്കിയുമാണ് ചോദ്യം ചെയ്യല്‍.