അബുദാബി :ഉപയോഗിച്ച ശേഷം പ്ലാസ്റ്റിക് കുപ്പികള്‍ തിരിച്ചു നല്‍കിയാല്‍ സൗജന്യ ബസ് യാത്ര നടത്താം .അബുദാബിയിലാണ് പദ്ധതി തുടങ്ങിയിരിക്കുന്നതു. പോയിന്റ്‌സ് ഫോര്‍ പ്ലാസ്റ്റിക് എന്ന പദ്ധതി അനുസരിച്ച് പ്ലാസ്റ്റിക് കുപ്പികള്‍ തിരികെ നല്‍കുന്നത് അനുസരിച്ചു ലഭിക്കുന്ന പോയിന്റ്‌സുകള്‍ അബുദാബിയിലെ പൊതുഗതാഗത ബസുകളില്‍ യാത്രക്കായി ഉപയോഗിക്കാം.
പ്രകൃതിയുടെ സംരക്ഷണത്തിനായി പ്ലാസ്റ്റിക് കുപ്പികള്‍ റീസൈക്ലിങ് നു വിധേയമാക്കാനാണ് പദ്ധതി. ഇന്‍ട്രാഗേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ , അബുദാബി പരിസ്ഥിതി വകുപ്പ് ,വെയിസ്റ്റ് മാനേജ്മെന്റ് സെന്റര്‍ , ഡി ഗ്രേഡ് എന്നീ സ്ഥാപനങ്ങളാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡി ഗ്രേഡിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിക്കുന്ന മെഷീനില്‍ പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിക്കുന്‌പോള്‍ പോയിന്റുകള്‍ നല്‍കും.
600 മില്ലി ലിറ്ററില്‍ കുറഞ്ഞ ഒരു പ്ലാസ്റ്റിക് കുപ്പിക്ക് ഒരു പോയിന്റും, 600 നു മുകളിലുള്ള കുപ്പികള്‍ക്ക് രണ്ടു പോയിന്റും പകരം നല്‍കും. ഓരോ പോയിന്റിനും 10 ഫില്‍സ് ആണ് മൂല്യം .ഇങ്ങനെ ലഭിക്കുന്ന പോയിന്റുകള്‍ ഹാഫിലാത് കാര്‍ഡുകളില്‍ ഉള്‍പ്പെടുത്തി ബസ് യാത്രക്ക് ഉപയോഗിക്കാം .
നിലവില്‍ മെയിന്‍ ബസ് സ്റ്റേഷനിലാണ് ഡി ഗ്രേഡ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത് നഗരത്തില്‍ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കും. ഹരിത ജീവിത ശൈലിയും , സുസ്ഥിര വികസന സംസ്‌ക്കാരവും പരിപോഷിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പ്ലാസ്റ്റിക് സമാഹരണവും റീസൈക്ലിങും പ്രക്രിയകളും ആരംഭിച്ചിരിക്കുന്നത്.
അനില്‍ സി ഇടിക്കുള