മെംഫിസ് (ടെന്നസി): ലോകത്തെ ഒന്നാം കിട പാഴ്സല്‍ സര്‍വീസ് കമ്പനിയായ ഫെഡെക്സിന്റെ പുതിയ പ്രസിഡന്റും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി മലയാളിയായ രാജ് സുബ്രഹ്മണ്യത്തെ നിയമിച്ചു.
നിലവിലുള്ള പ്രസിഡന്റും സിഇഒയുമായ ഫ്രെഡറിക് ഡബ്യു സ്മിത്ത് അധികാരമൊഴിയുന്ന സ്ഥാനത്തേക്കാണ് രാജിന്റെ നിയമനം. ജൂൺ ഒന്നിന് അദ്ദേഹം ചുമതലയേൽക്കും. ഇതോടെ സ്മിത്ത് എക്സിക്യൂട്ടീവ് ചെയർമാനാകും.
തിരുവനന്തപുരം ലയോള സ്കൂളിലെ പഠനത്തിനു ശേഷം ബോംബെ ഐഐടിയിൽ നിന്നുമാണ് രാജ് ബിരുദം നേടിയത്. ഫുൾ സ്കോളർഷിപ്പോടെ അമേരിക്കയിൽ ബിരുദാനന്തര പഠനം നടത്തി. കെമിക്കൽ എൻജിനീയറിംഗിൽ സൈറാക്യൂ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഓസ്റ്റിൻ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ നിന്നും എംബിഎയും നേടിയിട്ടുണ്ട്. കേരള മുൻ ഡിജിപി സി. സുബ്രഹ്മണ്യത്തിന്റെ മൂത്ത മകനാണ്.
കുടുംബത്തിലെ മൂന്നു പേർ ഫെഡെക്സിൽ സഹപ്രവർത്തകരായി ജോലി ചെയ്തുവെന്ന പ്രത്യേകതയും ഉണ്ട്. ഭാര്യ ഉമ മൂന്നു വർഷം മുൻപാണു രാജിവച്ചത്. രാജിന്റെ സഹോദരൻ രാജീവ്, മകൻ അർജുൻ എന്നിവരും ഇതേ കമ്പനിയിൽ തന്നെ ജോലി ചെയ്യുന്നു. ഇപ്പോൾ ടെന്നസിയിലെ മെംഫിസിൽ താമസിക്കുന്നു.