കോട്ടയം: ചങ്ങനാശേരിയിലെ ഐഎന്‍ടിയുസി പ്രകടനം സംബന്ധിച്ച് പാര്‍ട്ടിയാണ് പ്രതികരിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. അതിനുള്ള സംവിധാനം കോണ്‍ഗ്രസിലുണ്ട്. പണിമുടക്കിലെ അക്രമം സംബന്ധിച്ച് നേരത്തെ പറഞ്ഞ നിലപാടില്‍ ഉറച്ച് നില്ക്കുന്നു. രണ്ട് ദിവസത്തെ പണിമുടക്കിനോട് അനുബന്ധിച്ചുള്ള അക്രമസംഭവങ്ങളെയാണ് അപലപിച്ചത്. അക്രമസമരത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. നാട്ടില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും ആളുകളെ തടഞ്ഞതും തുപ്പിയതുമൊക്കെ സി.ഐ.ടിയുക്കാരും സിപിഎമ്മുകാരാണെന്നും സതീശന് പറഞ്ഞു.
ദേശീയ പണിമുടക്കിന്റെ ഭാഗമായാണ് ഐ.എന്‍.ടി.യുസി പിന്തുണ പ്രഖ്യാപിച്ചത്. ഐ.എന്‍.ടി.യു.സി നേതാക്കള്‍ കോണ്‍ഗ്രസിന്റെയും നേതാക്കളാണ്. അവരുമായി വിഷയം സംസാരിച്ചു. ഐ.എന്‍.ടി.യു.സിക്ക് നിര്‍ദേശം കൊടുക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. യൂത്ത് കോണ്‍ഗ്രസിനെയോ മഹിളാ കോണ്‍ഗ്രസിനെയോ സേവാദളിനെയോ പോലെ പോഷക സംഘടന എന്ന നിലയിലല്ല ഐ.എന്‍.ടി.യു.സി പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണെങ്കിലും സ്വതന്ത്ര നിലനില്‍പ്പുള്ള ഐ.എന്‍.ടിയു.സിക്ക് പ്രത്യേക തെരഞ്ഞെടുപ്പ് പോലുമുണ്ട്. അതാണ് ഇന്നലെയും പറഞ്ഞത്. ആ അഭിപ്രായം മാറ്റേണ്ട ഒരു സാഹചര്യവുമില്ലെന്നും സതീശന് മാധ്യമങ്ങളോട് പറഞ്ഞു.