വീട് ജപ്തി ചെയ്ത സംഭവം; ബാധ്യത ഏറ്റെടുത്ത് മാത്യു കുഴല്‍നാടന്‍: ബാങ്കിന് കത്ത് കൈമാറി

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്ത നിര്‍ധന കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കാന്‍ തയാറായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. പണം നല്‍കിക്കൊള്ളാമെന്ന് അറിയിച്ച് എംഎല്‍എ ബാങ്കിന് കത്ത് കൈമാറി. 1,75000 രൂപ ബാങ്കിന് നല്‍കുമെന്നാണ് എംഎല്‍എ അറിയിച്ചത്. മൂവാറ്റുപുഴ പായിപ്ര പയത്തില്‍ വലിയപറമ്പില്‍ അജേഷിന്റെ വീടാണ് അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്തത്. ജപ്തി സമയം അജേഷും ഭാര്യയും വീട്ടില്‍ ഇല്ലായിരുന്നു. മക്കളായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വീട്ടില്‍ നിന്നും പുറത്താക്കി ബാങ്ക് ജപ്തി ചെയ്തത്.

ഹൃദ്രോഗിയായ അജേഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയാണ് അജേഷിന് കൂട്ടിരിക്കുന്നത്. ജപ്തി നടപടിയുമായി ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ നാല് കുട്ടികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ ജപ്തി നടപടിക്ക് സാവകാശം അഭ്യര്‍ഥിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. ഇവര്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി.
എന്നാല്‍ വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ നേതൃത്വത്തില്‍ പ്രാദേശിക നേതാക്കള്‍ എത്തി പ്രതിഷേധിക്കുകയായിരുന്നു. ബാങ്ക് അധികൃതര്‍ നേരിട്ടെത്തി ജപ്തി ചെയ്ത വീട് തുറന്ന് കൊടുക്കുമെന്ന് എംഎല്‍എയെ അറിയിച്ചിരുന്നു.

രാത്രി വൈകിയിട്ടും ബാങ്കിന്റെ ഭാഗത്തു നിന്നും വീട് തുറന്നുകൊടുക്കാനുള്ള നടപടികള്‍ ഒന്നും ഉണ്ടാവാത്തതോടെ എംഎല്‍എ തന്നെ വീടിന്റെ പൂട്ട് പൊളിച്ച് കുട്ടികളെ വീട്ടില്‍ പ്രവേശിപ്പിച്ചു. അര്‍ബന്‍ ബാങ്കില്‍ നിന്നും ഒരു ലക്ഷം രൂപയാണ് അജേഷ് ലോണെടുത്തത്. അസുഖം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെയാണ് അധികൃതര്‍ ജപ്തി നടപടികളിലേക്ക് കടന്നത്.

 

 

 

 

Print Friendly, PDF & Email

Leave a Comment

More News