സെമിനാറില്‍ പങ്കെടുത്താല്‍ കെ.വി തോമസ് വഴിയാധാരമാകില്ലെന്ന് എം.വി ജയരാജന്‍; ദുഃഖിക്കേണ്ടിവരില്ലെന്ന് എം.എ ബേബി


കണ്ണുര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന്റെ പേരില്‍ കെ.വി തോമസ് വഴിയാധാരമാകില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. സെമിനാറിലേക്ക് വിലക്കിയത് കോണ്‍ഗ്രസിന്റെ തിരുമണ്ടന്‍ തീരുമാനമാണ്.

പാര്‍ട്ടി സെമിനാറിലേക്കാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ബാക്കി കാര്യങ്ങള്‍ പറയേണ്ടത് അദ്ദേഹമാണ്. ആര്‍.എസ്.എസ് മനസ്സുള്ളവരാണ് കെ.വി തോമസിനെ വിലക്കുന്നത്. നെഹ്‌റുവിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസുകാര്‍ കെ.വി തോമസ് സെമിനാറില്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച സെമിനാറിലേക്കാണ് കെ.വി തോമസിനെ ക്ഷണിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന്റെ നിലപാട് പറയാനുള്ള വേദിയായി അതിനെ ഉപയോഗിക്കാമെന്നും ജയരാജന്‍ പറഞ്ഞു.

അതേസമയം, സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ കെ.വി തോമസിന് ദുഃഖിക്കേണ്ടിവരില്ലെന്ന് സിപിഎം പി.ബി അംഗം എം.എ ബേബി. സിപിഎമ്മുമായി സഹകരിച്ചവരുടെ മുന്‍കാല അനുഭവങ്ങള്‍ അറിവുള്ളതാണല്ലോ. ടി.കെ ഹംസയുടെയും കെ.ടി ജലീലിന്റെയും അനില്‍കുമാറിന്റെയും കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ബേബിയുടെ പ്രതികരണം.

കോണ്‍ഗ്രസിലെ പുരോഗമന ചിന്താഗതിയുള്ളവരെയാണ് സെമിനാറിലേക്ക് ക്ഷണിച്ചത്. നെഹ്‌റുവിയന്‍ ആശയം സൂക്ഷിക്കുന്നയാളാണ് കെ.വി തോമസ്. സെമിനാറില്‍ പങ്കെടുക്കുമോ എന്നത് അദ്ദേഹം തന്നെ വ്യക്തമാക്കും. അദ്ദേഹം എന്താണ് പറയാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോയെന്നും എം.എ ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു.

Print Friendly, PDF & Email

Leave a Comment

More News