കണ്ണൂര്‍: സിപിഎം വേദിയില്‍ എത്തിയതിന്റെ പേരില്‍ കെ.വി.തോമസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തോമസ് പങ്കെടുക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറില്‍ തോമസിനെ വിളിച്ചത് കോണ്‍ഗ്രസ് പ്രതിനിധി എന്ന നിലയ്ക്കാണ്. അദ്ദേഹം പങ്കെടുക്കുന്നതും കോണ്‍ഗ്രസ് നേതാവായി തന്നെയാണ്. നാളത്തെ കാര്യത്തിന് താന്‍ പ്രവചനത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.
സെമിനാറില്‍ പങ്കെടുത്താല്‍ തോമസിന്റെ മൂക്ക് ചെത്തി കളയുമെന്ന് ചിലര്‍ ഭീഷണി മുഴക്കിയിരുന്നു. പങ്കെടുക്കില്ലെന്നും ചിലര്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം വരുമെന്ന് ഉറപ്പായിരുന്നു. തോമിന് ഒരു ചുക്കും സംഭവിക്കില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കാനായതില്‍ അഭിമാനമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ്. കുമ്പളങ്ങിയിലെ ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍നിന്നാണ് താന്‍ വരുന്നത്. താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണ്. സെമിനാറില്‍ പങ്കെടുത്തതില്‍ രാഷ്ട്രീയം കാണുന്നില്ലെന്നും തോമസ് പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത തന്റെ തീരുമാനം ശരിയായണെന്ന് തെളിഞ്ഞു. വന്നത് കരുത്താകുമെന്ന് കോണ്‍ഗ്രസിലെ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് മനസിലാകും. നെഹ്‌റുവിന്റെ സമീപനത്തിലേക്ക് കോണ്‍ഗ്രസ് നീങ്ങണം. കോണ്‍ഗ്രസും ഇടതുപക്ഷവും ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇല്ലെങ്കില്‍ രാജ്യത്ത് ജനാധിപത്യം ഇല്ലാതാകും. കേരളത്തിന്റെ വികസനത്തിന് വേണ്ടിയുള്ള എല്ലാ പദ്ധതികളെയും രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണയ്ക്കണം. കെ റെയിലിനെ എതിര്‍ക്കേണ്ട ആവശ്യമില്ല. ഗുണകരമായ പദ്ധതിക്കായി ഒറ്റക്കെട്ടായി നില്‍ക്കണം. പദ്ധതി കൊണ്ടുവന്നത് പിണറായി ആയത് കൊണ്ട് എതിര്‍ക്കണമെന്നില്ലെന്നും തോമസ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെയും തോമസ് പ്രകീര്‍ത്തിച്ചു. പിണറായി നല്ല മുഖ്യമന്ത്രിയെന്നതില്‍ തനിക്ക് അനുഭവമുണ്ട്. വൈപ്പിന്‍ പദ്ധതി പൂര്‍ത്തിയാക്കിയത് പിണറായിയുടെ വില്‍പവര്‍ കൊണ്ട് മാത്രമാണെന്നും തോമസ് പുകഴ്ത്തി. കേന്ദ്ര സര്‍ക്കാരിനെതിരേയും തോമസ് വിമര്‍ശനം നടത്തി. കോവിഡിനെ ഏറ്റവും നന്നായി നേരിട്ടത് കേരളമാണ്. കോവിഡിലെ കേന്ദ്ര സമീപനം നമ്മള്‍ കണ്ടതാണ്. എല്ലാം പാകപ്പിഴയായിരുന്നു. കേന്ദ്രം ഗവര്‍ണര്‍മാരെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. കേന്ദ്ര ഏജന്‍സികളെയും ബിജെപി ഉപയോഗിക്കുന്നുവെന്നും തോമസ് വിമര്‍ശിച്ചു