ദുബായ് : അടുത്തിടെ ഒരു യാചകനിൽ നിന്ന് 40,000 ദിർഹം (ഏകദേശം 8 ലക്ഷം രൂപ) ദുബായ് പോലീസ് കണ്ടെടുത്തു. 500 ദിർഹത്തിന്റെ നോട്ടുകെട്ടുകളാണ് പോലീസ് കണ്ടെടുത്തത്. കൂടാതെ, നിരവധി മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. ഇവ മോഷ്ടിച്ചതാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇയാള്‍ ഏതു രാജ്യക്കാരനാണെന്നും, ഇയാളുടെ പേരില്‍ എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നും പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
സന്ദര്‍ശക വിസയിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്നവരാണ് റംസാൻ മാസത്തിൽ ഉദാരമായ സംഭാവനകൾ മുതലെടുത്ത് ഭിക്ഷാടനം നടത്തുന്നത്. ഭിക്ഷാടന നിരോധനം ഏർപ്പെടുത്തിയ രാജ്യമാണ് യുഎഇ. ഭവനരഹിതർക്കും ദരിദ്രർക്കും പുനരധിവാസവും മറ്റ് സൗകര്യങ്ങളും നൽകുന്നതിനാൽ ഭിക്ഷാടനം നിരോധിച്ചിരിക്കുകയാണിവിടെ.
യാചകർക്ക് പിന്നിൽ വൻ സാമ്പത്തിക തട്ടിപ്പ് സംഘങ്ങളുണ്ടെന്നതും ഭിക്ഷാടന നിരോധനത്തിന് കാരണമാണ്. വിശുദ്ധ റംസാൻ മാസത്തിൽ യുഎഇയിൽ സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. സകാത്തിന്റെ ഭാഗമായി പണം നൽകുന്നത് മുതലെടുത്താണ് യാചകര്‍ ഭിക്ഷാടനത്തിനിറങ്ങുന്നത്. ഇത്തരത്തില്‍ പണം പിരിക്കുന്നവരെ കണ്ടെത്തി നാടു കടത്തുകയാണ് പതിവ്.
ഇക്കാലയളവിൽ പുനരധിവാസം, ഭക്ഷണവിതരണം, പ്രചാരണങ്ങൾ എന്നിവ നടത്തുന്നതിന് നിരവധി ജീവകാരുണ്യ സംഘടനകള്‍ മുനിസിപ്പാലിറ്റികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
ഭിക്ഷ നല്‍കുന്നത് അനുകമ്പയുടെ പേരില്‍ നടത്തുന്ന തെറ്റായ സമീപനമാണെന്നും, സഹായിക്കാൻ ആഗ്രഹിക്കുന്നവർ അംഗീകൃത ജീവകാരുണ്യ സംഘടനകള്‍ക്കു മാത്രമേ സംഭാവന നൽകാവൂ എന്ന് അധികൃതര്‍ പറഞ്ഞു.
ഭിക്ഷാടന വിരുദ്ധ നിയമപ്രകാരം ഭിക്ഷാടനം കുറ്റകരമാണ്. അത്തരക്കാരില്‍ നിന്ന് പണം കണ്ടുകെട്ടി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. അവരെ ജയില്‍ ശിക്ഷയ്ക്ക് വിധേയരാക്കുകയും, ആജീവനാന്ത വിലക്കേര്‍പ്പെടുത്തി നാടുകടത്തുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.