ഇന്നലെ നിരത്തിലിറങ്ങിയ കെ സ്വിഫ്റ്റ് വീണ്ടും അപകടത്തില്‍പെട്ടു

മലപ്പുറം: കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പെട്ടു. മലപ്പുറം കോട്ടയ്ക്കല്‍ ചങ്കുവെട്ടിയില്‍ വച്ചാണ് സംഭവം. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ മറ്റൊരു ബസില്‍ ഉരഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കോഴിക്കോട്ടേയ്ക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. ചെറിയ അപകടമായതിനാല്‍ ബസ് അല്പ സമയത്തിന് ശേഷം യാത്ര തുടര്‍ന്നു.

തിങ്കളാഴ്ച വൈകിട്ട് കെ സ്വിഫ്റ്റ് ബസുകള്‍ സര്‍വീസ് തുടങ്ങിയ ശേഷമുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോയ ബസ് കല്ലമ്പലത്തിന് സമീപത്ത് വച്ച് എതിര്‍ദിശയില്‍ നിന്നുവന്ന ലോറിയില്‍ ഇടിച്ചിരുന്നു.

അപകടത്തില്‍ 35,000 രൂപ വിലവരുന്ന ബസിന്റെ മിറര്‍ തകര്‍ന്നു. തുടര്‍ന്ന് സമീപത്തെ വര്‍ക്ക്ഷോപ്പില്‍ കയറ്റി കെഎസ്ആര്‍ടിസിയുടെ പഴയ മിറര്‍ ഘടിപ്പിച്ച ശേഷമാണ് സര്‍വീസ് പൂര്‍ത്തിയാക്കിയത്. ബസിന്റെ മുന്‍ഭാഗത്തും നേരിയ കേടുപാടുകളുണ്ട്. അതേസമയം, അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. അപകടത്തിന് പിന്നില്‍ സ്വകാര്യ ലോബിയുണ്ടോയെന്ന് പരിശോധിക്കണമെന്ന് സിഎംഡി ആവശ്യപ്പെട്ടു.

 

 

 

 

Print Friendly, PDF & Email

Leave a Comment

More News