ന്യൂഡല്‍ഹി: ലൗ ജിഹാദ് വിഷയത്തില്‍ സിപിഎമ്മിന്റെ കാപട്യം പുറത്തുവന്നുവെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്. ലൗ ജിഹാദിനെ കുറിച്ച് പറഞ്ഞ പാല ബിഷപ്പിനെതിരെ കേസെടുത്തു. ബിഷപ്പിനെതിരെ കേസെടുത്തവര്‍ സിപിഎം നേതാവ് ജോര്‍ജ് എം. തോമസിനെതിരെ കേസെടുക്കുന്നില്ല. പാലാ ബിഷപ്പില്‍ നിന്നും സിപിഎം നേതാവിലേക്ക് എത്തിയപ്പോള്‍ നാക്കുപിഴയായി മാറി. സിപിഎമ്മിന്റെ അവസര വാദം വീണ്ടും പുറത്താകുന്നുവെന്നും വി.മുരളീധരന് ഡല്‍ഹിയില്‍ പറഞ്ഞു.
അതേസമയം, തീവ്രവര്‍ഗ്ഗീയ സംഘടനകളെ തള്ളിപ്പറയാന്‍ സി പി എമ്മിനാവില്ലെന്ന സത്യം മതേതരസമൂഹം അംഗീകരിച്ചേ മതിയാവൂവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പറഞ്ഞു.. കുരിശും കൊന്തയും നല്കി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യം. തോമസ്സു മാഷല്ല ആരു വന്നാലും ക്രൈസ്തവസമൂഹം ഇപ്പോഴും സി പി എമ്മിന് രണ്ടാംതരം പൗരന്മാര് തന്നെ. പാലാ ബിഷപ്പിനെതിരെ ഏറ്റവും കൂടുതല്‍ വിഷം ചീറ്റിയതും സി. പി. എം ആയിരുന്നല്ലോ. ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ത്ഥ്യം തന്നെ. ആരു വെള്ളപൂശിയാലും ഉള്ളതിനെ ഇല്ലാതാക്കാനാവില്ല. വി. ഡി. സതീശനും കൂട്ടരും ഉടനെ ഇറങ്ങും ന്യായീകരണവുമായിട്ട്. പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി സിറിയയിലേക്കയയ്ക്കുന്നവര്‍ക്കെതിരെയുള്ള ക്രൈസ്തവസമൂഹത്തിന്റെ ആശങ്ക പങ്കുവെക്കാന്‍ ഞങ്ങള്‍ക്കേതായാലും മടിയില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.