കോട്ടയ്ക്കല്‍(മലപ്പുറം): ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് പിതാവ് ഇരുനില വീടിന് മുകളില്‍ നിലയുറപ്പിച്ചത് അഞ്ചരമണിക്കൂര്‍. കോട്ടയ്ക്കല്‍ ചങ്കുവെട്ടിയിലാണ് കുഞ്ഞിനെ കൊല്ലുമെന്ന ഭീഷണി മുഴക്കി പിതാവ് നാടിനെയാകെ മുള്‍മുനയിലാക്കിയത്. ഒടുവില്‍ ബന്ധു ഇയാളെ അനുനയിപ്പിച്ച് കുഞ്ഞിനെ വാങ്ങിയതോടെയാണ് മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമമായത്. പിന്നാലെ പോലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് ഇയാളെ താഴെയിറക്കി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ പിന്നീട് വെട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെയാണ് നാടിനെയാകെ ആശങ്കയിലാഴ്ത്തിയ സംഭവങ്ങളുടെ തുടക്കം. ഏഴുമണിയോടെയാണ് 21-കാരനായ യുവാവ് ആറുമാസം പ്രായമുള്ള മകനുമായി ഇരുനില വീടിന്റെ മുകളില്‍ കയറിയത്. ഇയാള്‍ കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും എത്ര പറഞ്ഞിട്ടും താഴെയിറങ്ങാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ഭാര്യാപിതാവ് വന്ന് ഏറെനേരെ അനുനയിപ്പിച്ച ശേഷമാണ് കുഞ്ഞിനെ കൈമാറിയത്.
കുഞ്ഞിന്റെ ജീവന്‍ സുരക്ഷിതമായതോടെ ഉച്ചയ്ക്ക് 12.30-ഓടെ പോലീസും അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരും വീടിന് മുകളില്‍ കയറി യുവാവിനെ കീഴടക്കി. ഇതോടെയാണ് മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വം അവസാനിച്ചത്. അഞ്ചരമണിക്കൂറോളം ഭക്ഷണമോ വെള്ളമോ ലഭിക്കാതെ അവശനായ കുഞ്ഞിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിനെ പിന്നീട് വെട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ഏതാനും ദിവസങ്ങളായി ഇയാള്‍ പരസ്പരബന്ധമില്ലാതെ സംസാരിച്ചിരുന്നതായും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായുമാണ് വിവരം. തത്കാലത്തേക്ക് ഇയാള്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.