മുതലമട(പാലക്കാട്): പട്ടികവര്‍ഗ വകുപ്പിന്റെ ‘വണ്‍ ഫാമിലി വണ്‍ ജോബ്’ തൊഴില്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്ത്രീ അറസ്റ്റില്‍. ഒറ്റപ്പാലം വേട്ടക്കാരന്‍കാവ് പ്രിയം വില്ലയില്‍ വിഷ്ണുപ്രിയയാണ് (42) അറസ്റ്റിലായത്. ഇവരെ മണ്ണാര്‍ക്കാട് പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു.
വിഷ്ണുപ്രിയ പട്ടികവര്‍ഗ വകുപ്പിന്റെ പണം കൈപ്പറ്റി 2021 ഫെബ്രുവരി 10 മുതല്‍ മുതലമട ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ പകല്‍വീട്ടില്‍ ഫാഷന്‍ ഡിസൈനിങ്-എംബ്രോയ്ഡറി ക്ലാസ് നടത്തിയിരുന്നു. ആറുമാസം ദൈര്‍ഘ്യമുള്ള ഈ പദ്ധതിയില്‍ പഠിതാക്കള്‍ക്ക് ദിവസം 220 രൂപ സ്റ്റൈപ്പെന്‍ഡ് നല്‍കണം. 50 പഠിതാക്കളാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് നാലുമാസത്തെ സ്റ്റൈപ്പെന്‍ഡ് മാത്രമേ നല്‍കിയുള്ളു. പവര്‍ലൂം തയ്യല്‍മെഷീന്‍ നല്‍കാമെന്ന് പറഞ്ഞെങ്കിലും നല്‍കിയില്ല. ഇതുസംബന്ധിച്ച് പഠിതാവായ അംബേദ്കര്‍ കോളനിയിലെ ശാന്തി ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്ന് പോലീസ് പറയുന്നു. ശാന്തി കൊല്ലങ്കോട് പോലീസില്‍ പരാതി നല്‍കി.
ചിറ്റൂര്‍ ഡിവൈ.എസ്.പി. സി. സുന്ദരനാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. കൊല്ലങ്കോട് എസ്.ഐ. കെ. ഷാഹുലും സംഘവും ഒറ്റപ്പാലത്തെത്തി വിഷ്ണുപ്രിയയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തുള്ള തട്ടിപ്പിന്റെ വ്യാപ്തി അറിയുന്നതിന് വിഷ്ണുപ്രിയയുടെ ബാങ്ക് അക്കൗണ്ട് പോലീസ് പരിശോധിക്കും. തട്ടിപ്പില്‍ ഉദ്യോഗസ്ഥ-രാഷ്ട്രീയ ബന്ധങ്ങള്‍ ഉണ്ടാകാമെന്ന് എന്‍.ജി.ഒ. മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പട്ടികവര്‍ഗക്കാരെ വഞ്ചിച്ച കുറ്റത്തിന് വിവിധ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.