ഒട്ടാവ (കാനഡ): രാമനവമി ദിനത്തിൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നഗരങ്ങളിലും അക്രമം പൊട്ടിപ്പുറപ്പെടുകയും, ഹിന്ദുക്കളുടെ ഘോഷയാത്രയ്ക്ക് നേരെ അക്രമികൾ കല്ലെറിയുകയും തീയിട്ടു നശിപ്പിക്കുകയും ചെയ്തെന്ന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ന്യൂ ഡെമോക്രാറ്റിക് പാർട്ടി ഓഫ് കാനഡയുടെ നേതാവ് ജഗ്മീത് സിംഗ് ഇന്ത്യയെ കടന്നാക്രമിച്ചു. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ വർദ്ധിച്ചുവരുന്ന അക്രമ ഭീഷണിയിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ മുസ്ലീം വിരുദ്ധ വികാരം ഇളക്കിവിടുകയാണെന്നും, ഇത് അവസാനിപ്പിക്കണമെന്നും ഇന്ത്യൻ വംശജനായ കനേഡിയൻ നേതാവ് ആരോപിച്ചു.
“ഇന്ത്യയിലെ മുസ്ലീം സമുദായത്തിനെതിരായ അക്രമത്തിന്റെ ചിത്രങ്ങളിലും വീഡിയോകളിലും ബോധപൂർവമായ അക്രമ ഭീഷണികളിലും ഞാൻ അതീവ ഉത്കണ്ഠാകുലനാണ്. മുസ്ലീം വിരുദ്ധ വികാരം ഇളക്കിവിടുന്നത് മോദി സർക്കാർ അവസാനിപ്പിക്കണം. ജനങ്ങളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണം. എല്ലായിടത്തും സമാധാനം സ്ഥാപിക്കുന്നതിൽ കാനഡയ്ക്ക് ശക്തമായ പങ്ക് വഹിക്കാനാകും. രാമനവമി ദിനത്തിൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്,” വ്യാഴാഴ്ച ജഗ്മീത് സിംഗ് ട്വീറ്റ് ചെയ്തു.
രാമനവമിയോടനുബന്ധിച്ച് രാജ്യത്തുടനീളം പലയിടത്തും ശോഭായാത്രകളും ഉത്സവഘോഷയാത്രകളും നടന്നു. ഈ സമയത്ത് മുസ്ലീം ആധിപത്യ പ്രദേശങ്ങളിൽ നിന്ന് ഘോഷയാത്രകളും ശോഭായാത്രകളും വന്നപ്പോൾ ഹിന്ദു ഭക്തരെ കല്ലെറിഞ്ഞതായി ആരോപണമുണ്ട്. ചിലയിടങ്ങളിൽ ഗ്ലാസ് കുപ്പികൾ കൊണ്ടു പോലും ആക്രമിക്കപ്പെട്ടു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
രാമനവമിക്ക് 3 ദിവസം മുമ്പ് മുസ്ലീങ്ങൾ ആക്രമണത്തിന് തയ്യാറെടുക്കുകയും ഇഷ്ടികകളും കല്ലുകളും പെട്രോൾ ബോംബുകളും അവരുടെ മേൽക്കൂരയിൽ നിക്ഷേപിക്കുകയും ചെയ്ത ഗുജറാത്തിലെ ഖംബട്ടിലും സമാനമായ അക്രമം നടന്നതായി ഹിന്ദുക്കള്‍ ആരോപിക്കുന്നു. ഹിന്ദുക്കളുടെ മനസ്സിൽ ഭീതി സൃഷ്ടിക്കാനാണ് ഈ ആക്രമണങ്ങൾ നടത്തിയതെന്ന് സംഭവത്തിലെ പ്രതികളിലൊരാൾ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു.