നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. സാങ്കേതികമായി അന്വേഷണത്തിനുള്ള സമയപരിധി അവസാനിക്കുമെങ്കിലും സിആർപിസി 173 (8) പ്രകാരം അന്വേഷണത്തിന് തടസ്സമില്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ക്രൈംബ്രാഞ്ച് തിങ്കളാഴ്ച വിചാരണക്കോടതിയെ അറിയിക്കും.

അതേസമയം തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സാവകാശം വേണമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഈ ഹര്‍ജിയില്‍ ഇതുവരെ ഹൈക്കോടതി വിധി പറഞ്ഞിട്ടില്ല.

തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍ ഉള്‍പ്പെടെയുള്ളവരെ ഇനിയും ചോദ്യം ചെയ്യാനായിട്ടില്ല.

ഇത്തരത്തിലുള്ള കാലതാമസം മൂലം കേസന്വേഷണം ഹൈക്കോടതി നിശ്ചയിച്ച സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാവില്ലെന്നാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്. അന്വേഷണം നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലായിരുന്നു ക്രൈംബാഞ്ച്.

പക്ഷേ കേസുമായി ബന്ധപ്പെട്ട നിരവധി പേരെ ഇനിയും ചോദ്യം ചെയ്യേണ്ടതായിട്ടുണ്ട്. ഇതില്‍ ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ഉള്‍പ്പെടും. പല സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താനുമുണ്ട്. ഈ സാഹചര്യം പരിഗണിച്ച് മൂന്ന് മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News