ന്യുഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക മാര്‍ച്ചിനു നേരെ കാര്‍ ഓടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ആശിഷ് മിശ്ര ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയുടെ മകനാണ് ആശിഷ് മിശ്ര.
ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി വിധി ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് റദ്ദാക്കിയത്. ഹൈക്കോടതിയില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് മതിയായ വാദം നടത്താന്‍ അവസരം നല്‍കിയില്ല. ഇത് സ്വഭാവിക നീതിയുടെ ലംഘനമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ആശിഷ് മിശ്ര ജാമ്യത്തിലിറങ്ങിയ ശേഷം ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നതായി പരാതികള്‍ ഉയരുന്നു. ഇതുകൂടി പരിഗണിച്ച് അലഹബാദ് ഹൈക്കോടതി ജാമ്യാപേക്ഷ വീണ്ടും പരിശോധിക്കണം. സാക്ഷികളില്‍ ഒരാളെ ഭീഷണിപ്പെടുത്തിതായും തിരഞ്ഞെടുപ്പ് സമയത്ത് സാക്ഷികളെ മര്‍ദ്ദിച്ചതായും പരാതി ഉയര്‍ന്നിരുന്നു.
ഒക്‌േടാബര്‍ മൂന്നിനാണ് കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ച പ്രകടനം നടത്തിയ കര്‍ഷകരുടെ മേല്‍ ആശിഷ് മിശ്ര കാര്‍ ഓടിച്ചുകയറ്റിയത്. കേസില്‍ ഫെബ്രുവരി 10നാണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.