ദോഹ: ഒഐസിസി ഇന്‍കാസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും കൂടുതല്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയട്ടെ എന്നും ഷാഫി പറമ്പില്‍ എംഎല്‍എ ആശംസിച്ചു. ഖത്തര്‍ ഒഐസിസി ഇന്‍കാസ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ സമ്മാനദാന ചടങ്ങിലും ഇഫ്താര്‍ സ്നേഹവിരുന്നിലും പങ്കെടുത്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
കോവിഡ് കാലത്തെ പ്രതിസന്ധികളില്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടില്‍ എത്തിക്കുവാന്‍ യൂത്ത് കെയര്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന ഖത്തര്‍ ഒഐസിസി – ഇന്‍കാസ് പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ ശ്രദ്ധേയമാണെന്നും ഇത്തരമൊരു പരിപാടിയുടെ സംഘാടന മികവിനെ അഭിനന്ദിക്കുന്നതായും ഷാഫി പറമ്പില്‍ പറഞ്ഞു. തുടര്‍ന്ന് ലേബര്‍ ക്യാംപുകളില്‍ ഒരുക്കിയ ഇഫ്താര്‍ കിറ്റ് വിതരണത്തിലും പ്രവര്‍ത്തക കൂട്ടായ്മയിലും അദ്ദേഹം പങ്കാളിയായി.
യുവനേതാക്കളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി ഖത്തര്‍ ഒഐസിസി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം
ദോഹയിലെ ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഖത്തര്‍ ഒഐസിസി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഇഫ്താര്‍ സംഗമത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ, ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു
ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല ഉപഹാരം സമ്മാനിച്ചു. ആയിരത്തിലധികം പ്രവര്‍ത്തകരാണു സംഗമത്തില്‍ പങ്കെടുത്തത്. മാര്‍ച്ച് 11 മുതല്‍ 25 വരെ നടത്തിയ ഇന്‍കാസ് കായിക മേളയിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നേതാക്കള്‍ ചേര്‍ന്നു നിര്‍വഹിച്ചു.
ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മനോജ് കൂടല്‍, ട്രഷറര്‍ നൗഷാദ് പി.കെ, കെ.മുഹമ്മദ് ഈസ എന്നിവര്‍ പ്രസംഗിച്ചു.