കൊച്ചി: തിരക്കഥാകൃത്ത് ജോണ്‍പോളിന് മരിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പുണ്ടായ ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി നടന്‍ കൈലാഷ്. കട്ടിലില്‍ നിന്നും വീണ ജോണ്‍ പോളിന് മൂന്നര മണിക്കൂറോളം നിലത്ത് കിടക്കേണ്ടി വന്നുവെന്നും സഹായത്തിനായി ആംബുലന്‍സ് സര്‍വീസുകളെയും ഫയര്‍ഫോഴ്സിനെയും ബന്ധപ്പെട്ടുവെങ്കിലും നിരാശയായിരുന്നു ഫലമെന്നും കൈലാഷ് പറഞ്ഞു. അപകട സാഹചര്യമുണ്ടെങ്കില്‍ മാത്രമേ വരാനാവൂ എന്നതായിരുന്നു അവരുടെ നിലപാട്. പക്ഷേ ഇത്രയും ഭാരമുള്ള ഒരാളെ സംബന്ധിച്ചിടത്തോളം താഴെ വീഴുന്നത് വലിയ അപകടമാണ്. ഹോസ്പിറ്റല്‍ ഷിഫ്റ്റിംഗ് ആണെങ്കില്‍ മാത്രമേ വരാന്‍ കഴിയൂ എന്ന നിലപാടാണ് ആംബുലന്‍സ് അധികൃതരും ആദ്യം സ്വീകരിച്ചത്.
ഇത്തരത്തിലുള്ള ടെക്‌നിക്കല്‍ പ്രശ്‌നം പരിഹരിക്കേണ്ടതാണ്. ഫയര്‍ ഫോഴ്‌സ്, ആംബുലന്‍സ് സംവിധാനങ്ങളെ അടച്ചാക്ഷേപിക്കുന്നതല്ല.എന്നാല്‍ അപകടത്തില്‍പ്പെടുന്നവര്‍ക്ക് ആരെയാണ് ഏത് നമ്പരിലാണ് വിളിക്കേണ്ടത് എന്നതിനെപ്പറ്റി കൃത്യത വേണം. രാത്രി പത്ത് മണിയോടെയാണ് ഞാന്‍ ജോണ് പോള്‍ സാറിന്റെ വീട്ടിലെത്തിയത്. ഒരു മണിയായിട്ടും ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ഞങ്ങള്‍ പോലീസ് കണ്ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നിന്നും രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ എത്തി. അവരും സാറിനെ മാറ്റി കിടത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
സ്ഥിതി മനസ്സിലായ അവര്‍ തിരിച്ചു പോയി ബൈപ്പാസിലെ മെഡിക്കല്‍ സെന്ററില്‍ നിന്നും ആംബുലന്‍സുമായി മടങ്ങി എത്തി. തുടര്‍ന്ന് നമ്മള്‍ എല്ലാരും ചേര്‍ന്നാണ് അദ്ദേഹത്തെ സ്ട്രച്ചറിലേക്ക് കിടത്തി കട്ടിലിലേക്ക് മാറ്റിയത്. അപ്പോഴേക്കും സമയം ഒന്നര രണ്ടു മണിയായിരുന്നു. സാര്‍ ആകെ അവശനായിരുന്നു. രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു സാര്‍. ആ സമയത്ത് അദ്ദേഹത്തിന് മേല്‍വസ്ത്രമില്ലായിരുന്നു. അതിനാല്‍ നിലത്ത് കിടന്ന് നടുവിന് നല്ല തണ്ണുപ്പ് അനുഭവപ്പെടുന്ന അവസ്ഥയുണ്ടായി. സാറിന്റെ ഈ അവസ്ഥ നാളെ മറ്റൊരാള്‍ക്ക് വരാം ഈ സ്ഥിതി മാറ്റാന്‍ ശ്രമം വേണം.
ഈ അപകടം നടക്കുമ്പോള്‍ ആ വീട്ടില്‍ സാറിന്റെ ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തരം സാഹചര്യം ഇനി ഉണ്ടാവാതിരിക്കട്ടെ. ഇങ്ങനെ ഒരു അപകടം സംഭവിക്കുന്ന ആളെ സഹായിക്കാനുള്ള സംവിധാനം ഉണ്ടാവണമെന്നും കൈലാഷ് വ്യക്തമാക്കി.