മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീക്ക് പുറത്ത് ഹനുമാൻ ചാലിസ പാരായണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് അറസ്റ്റിലായി ജയിലിലേക്ക് അയച്ച നവനീത് റാണ എന്ന വനിതാ എംപിയെ മര്‍ദ്ദിച്ചതായി ബിജെപി ആരോപണം. നവനീത് റാണയ്ക്ക് ജയിലിൽ മോശമായ പെരുമാറ്റമാണെന്ന് ലഭിച്ചതെന്ന് സംസ്ഥാന മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് ആരോപിച്ചു.
ഉദ്ധവ് താക്കറെ സർക്കാർ അങ്ങേയറ്റം അസഹിഷ്ണുതയുള്ളവരാണെന്നും നവനീത് റാണയ്ക്കും അവരുടെ ഭർത്താവ് രവി റാണയ്ക്കുമെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തത് എന്തടിസ്ഥാനത്തിലാണെന്ന് അവർ വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹനുമാൻ ചാലിസ പാരായണം ചെയ്യുമെന്ന് പ്രഖ്യാപിച്ചാൽ എങ്ങനെയാണ് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുകയെന്നും ഫഡ്നാവിസ് ചോദിച്ചു. “ഹനുമാൻ ചാലിസ പാരായണം ചെയ്യുന്നത് രാജ്യദ്രോഹമാണെങ്കിൽ, ഞങ്ങളെല്ലാവരും ദിവസവും അത് ചെയ്യും,” അദ്ദേഹം പറഞ്ഞു.
“ഒരു വനിതാ എംപിയോടാണ് ജയിലിൽ മോശമായി പെരുമാറുന്നത്. ജാതിയുടെ പേരിൽ അവർ വിവാദ പരാമർശങ്ങൾക്ക് വിധേയരാകുകയാണ്. അവർക്ക് ജയിലിൽ വെള്ളം കൊടുക്കുകയോ ശുചിമുറികൾ ഉപയോഗിക്കാൻ അനുവദിക്കുകയോ ചെയ്യുന്നില്ല,” ഫഡ്നാവിസ് പറഞ്ഞു.
ഹിന്ദുത്വത്തിന്റെ നിർവചനം ബി.ജെ.പിക്ക് മനസ്സിലാക്കിക്കൊടുക്കാനാണ് ശിവസേനയുടെ ശ്രമം. ഹിന്ദുത്വ പ്രത്യയശാസ്ത്രം ഒരു സംസ്കാരമാണെന്നും അരാജകത്വമല്ലെന്നും ബിജെപിയെ ഉപദേശിക്കവെ ശിവസേന പറഞ്ഞു.
സ്വതന്ത്ര എംപിയായ നവനീത് റാണയും അവരുടെ ഭർത്താവും എംഎൽഎയുമായ രവി റാണയും ചെയ്തതിന് പിന്നിൽ ബിജെപിക്ക് പങ്കുണ്ടെന്ന് ശിവസേന മുഖപത്രമായ ‘സാമ്ന’യിലെ എഡിറ്റോറിയലിൽ അവകാശപ്പെട്ടു.