ബംഗളൂരു: ഹിജാബ് അഴിക്കാൻ വിസമ്മതിച്ച് കർണാടകയിലെ യാദ്ഗിർ ജില്ലയിൽ ആറ് വിദ്യാർത്ഥികൾ തിങ്കളാഴ്ച 12-ാം ക്ലാസ് പരീക്ഷ എഴുതാതെ വീട്ടിലേക്ക് മടങ്ങി. യാദ്ഗിറിലെ ഗവൺമെന്റ് പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലാണ് സംഭവം.
സാമ്പത്തിക ശാസ്ത്ര പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ച് പേപ്പർ എഴുതാൻ അനുവദിക്കണമെന്ന് അധികൃതരോട് നിർബന്ധിച്ചു. ഇവരുടെ അപേക്ഷ നിരസിച്ചതോടെ ഹിജാബ് അഴിക്കാൻ വിസമ്മതിച്ച് വിദ്യാർഥികൾ പരീക്ഷാ കേന്ദ്രത്തിൽ നിന്ന് ഇറങ്ങിപ്പോയി.
നിർണായകമായ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ സംസ്ഥാനത്തുടനീളം സമാധാനപരമായാണ് നടക്കുന്നത്. വിദ്യാർത്ഥികൾ, പ്രത്യേകിച്ച് മുസ്ലീം പെൺകുട്ടികൾ, യൂണിഫോം നിയമങ്ങൾ പാലിക്കുകയും ഹിജാബ് ധരിക്കാതെ പേപ്പറുകൾ എഴുതുകയും ചെയ്യുന്നുണ്ട്.
ഹിജാബ് വിഷയത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയ്‌ക്കിടയിൽ ഏപ്രിൽ 22 ന് ആരംഭിച്ച ബോർഡ് പരീക്ഷയിൽ 68,84,255 വിദ്യാർത്ഥികൾ പരീക്ഷയെഴുതി.
ഹിജാബ് ധരിച്ച് ക്ലാസിൽ പങ്കെടുക്കാൻ വിദ്യാർഥികളെ അനുവദിക്കണമെന്ന ഹർജികൾ കർണാടക ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് നേരത്തെ തള്ളിയിരുന്നു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്നും അതിൽ പരാമർശമുണ്ട്.
കോടതി ഉത്തരവിനെ തുടർന്ന് കർണാടക സർക്കാർ ക്ലാസ് മുറികളിൽ ഹിജാബ് നിരോധിക്കുകയും ഹിജാബ് ധരിച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഹിജാബ് ധരിച്ച വിദ്യാർത്ഥികളുടെ പ്രവേശനം വിലക്കാനുള്ള തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ഹർജിക്കാരിലൊരാളായ ആലിയ അസ്സദി ട്വിറ്ററിൽ കുറിച്ചു: “ഞങ്ങൾ വീണ്ടും വീണ്ടും നിരാശയെ അഭിമുഖീകരിക്കുന്നു! നാളെ പരീക്ഷയ്ക്ക് പോയാൽ ഞങ്ങൾക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ബിജെപി എംഎൽഎ രഘുപതി ഭട്ട് ഭീഷണിപ്പെടുത്തിയിരുന്നു. ഇവിടെ എന്താണ് കുറ്റം?,” നമ്മുടെ രാജ്യം എവിടേക്കാണ് പോകുന്നതെന്നും ആലിയ ചോദിച്ചു.
ഏപ്രിൽ 22ന് ഉഡുപ്പിയിലെ പരീക്ഷാ കേന്ദ്രത്തിലേക്ക് ഹിജാബ് ധരിച്ച് ആലിയയും രേഷാം ഫാറൂഖും കയറാൻ ശ്രമിച്ചിരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ ഒരു രംഗം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ് ബിജെപി എംഎൽഎ രഘുപതി ഭട്ട് മറ്റ് വിദ്യാർത്ഥികളെ ശല്യപ്പെടുത്തിയതിന് അവർക്കെതിരെ ആഞ്ഞടിച്ചു.
വിദ്യാർത്ഥികൾ തങ്ങളുടെ പ്രവൃത്തി ഇനിയും ആവർത്തിച്ചാൽ കോടതിയലക്ഷ്യത്തിന് ക്രിമിനൽ കേസെടുക്കുമെന്നും ഭട്ട് മുന്നറിയിപ്പ് നൽകിയിരുന്നു.