കോടതിയില്‍ ഹാജരായില്ല: എ.എ. റഹീം എംപിക്ക് അറസ്റ്റ് വാറണ്ട്

 തിരുവനന്തപുരം: കേരള സര്‍വകലാശാല സ്റ്റുഡന്‍സ് സര്‍വീസസ് മേധാവിയും പ്രഫസറുമായ ഡോ. വിജയലക്ഷ്മിയെ തടഞ്ഞു വച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എംപിക്കെതിരേ അറസ്റ്റ് വാറണ്ട്. കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണു കോടതി നടപടി. കോടതി കേസ് പരിഗണിച്ചപ്പോള്‍ ഒന്നാം പ്രതി റഹീം അടക്കം കേസിലെ 12 പ്രതികളും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് മുഴുവന്‍ പ്രതികള്‍ക്കും അറസ്റ്റ് വാറണ്ട് നല്‍കിയത്. തിരുവനന്തപുരം മൂന്നാം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അഭിനമോള്‍ രാജേന്ദ്രന്റേതാണ് ഉത്തരവ്.

എ.എ. റഹീം, എസ്എഫ്‌ഐ പ്രവര്‍ത്തകരായിരുന്ന എസ്.അഷിദ, ആര്‍. അമല്‍, പ്രദിന്‍ സാജ് കൃഷ്ണ, എസ്.ആര്‍. അബു, ആദര്‍ശ് ഖാന്‍, ജെറിന്‍, എം.അന്‍സാര്‍, മിഥുന്‍ മധു, വി.എ. വിനേഷ്, അപര്‍ണ ദത്തന്‍, ബി.എസ്. ശ്രീന എന്നിവരാണു കേസിലെ ഒന്നു മുതല്‍ പന്ത്രണ്ടു വരെയുള്ള പ്രതികള്‍.

നേരത്തെ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. കേസിലെ പരാതിക്കാരിയും കേരള സര്‍വകലാശാല സ്റ്റുഡന്‍സ് സര്‍വീസസ് മേധാവിയും പ്രഫസറുമായ ഡോ. വിജയലക്ഷ് മിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നല്‍കിയ അപേക്ഷ കോടതി തള്ളിയത്. തുടര്‍ന്നു പ്രതികള്‍ കോടതില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു.ഇരുനൂറോളം വിദ്യാര്‍ഥികളെ ഒപ്പം കൂട്ടി പ്രതികളുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് പ്രഫസറെ മണിക്കൂറുകളോളം അന്യായ തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നാണ് പോലീസ് കേസ്.

 

 

 

Print Friendly, PDF & Email

Leave a Comment

More News