തിരുവനന്തപുരം: ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാനത്തിന് ഇന്ധന നികുതി കുറയ്ക്കാനാവില്ലെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കര്‍ണാടക പോലുള്ള സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറച്ചെങ്കില്‍ അവര്‍ക്കു മറ്റു വരുമാനമാര്‍ഗങ്ങള്‍ ഉണ്ടായിരിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു. കേരളം അടക്കമുള്ള ആറു സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ ഇത്തരം പരാമര്‍ശത്തില്‍ പ്രതിഷേധമുണ്ട്. ബന്ധപ്പെട്ട വേദികളില്‍ ഇക്കാര്യം അറിയിക്കും. കേന്ദ്ര സെസ് നിരക്ക് അടിക്കടി കൂട്ടികൊണ്ടിരിക്കുന്നു. 2017ല്‍ ഒമ്പതു രൂപയായിരുന്ന സെസ് ഇപ്പോള്‍ 31 രൂപയായി. ഇതൊന്നും സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്നില്ല. പെട്രോള്‍, ഡീസല്‍ വിലക്കയറ്റം നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കും ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെങ്കില്‍ സെസും നികുതിയും കേന്ദ്രം കുറയ്ക്കണം. മാത്രമല്ല നിയമപരമായി ഇത്രയേറെ സെസ് പിരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ല.
പ്രധാനമന്ത്രി പറഞ്ഞത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇന്ധനനികുതിയുടെ പേരില്‍ പിരിക്കുന്ന 42 ശതമാനം സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്നുവെന്ന പരാമര്‍ശം ശരിയല്ല. കേരളത്തെ പേരെടുത്തു പറഞ്ഞതില്‍ രാഷ്ട്രീയമുണ്ടെന്നും പ്രധാനമന്ത്രിയുടെ പദവിയിലിരിക്കുന്ന വ്യക്തി അത്തരത്തില്‍ രാഷ്ട്രീയപരാമര്‍ശം നടത്തിയതില്‍ ഖേദമുണ്ടെന്നും ധനമന്ത്രി പറഞ്ഞു.