മംഗളൂരു: കർണാടകയില്‍ സാമുദായിക സംഘര്‍ഷം നിലനില്‍ക്കേ ദക്ഷിണ കന്നഡ ജില്ലയിൽ ഹിന്ദുക്കളായ നവദമ്പതികള്‍ ബണ്ട്വാൾ താലൂക്കിലെ വിട്ടലിലെ പള്ളിയിൽ ഇഫ്താർ വിരുന്ന് നടത്തി.
ഹിജാബ്, ഹലാൽ, ബാങ്കു വിളി, മുസ്ലീങ്ങളുടെ കടകൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങൾ എന്നിവയ്‌ക്കെതിരെയുള്ള മുറവിളികൾക്കിടയിൽ, യുവാക്കൾ ഈ ദമ്പതികളുടെ പ്രവർത്തനത്തിലൂടെ സാമുദായിക സൗഹാർദ്ദത്തിന്റെ പ്രതീകമായി മാറി.
വിട്ടലിലെ ബൈരിക്കാട്ടെ ജെ ചന്ദ്രശേഖറിന്റെ വിവാഹം ഏപ്രിൽ 24 നായിരുന്നു. മുസ്ലീങ്ങൾ ഈ മാസം റംസാൻ ആഘോഷിക്കുന്നതിനാൽ, അദ്ദേഹത്തിന്റെ പല മുസ്ലിം സുഹൃത്തുക്കൾക്കും വിവാഹ ചടങ്ങിലെ വിരുന്ന് ആസ്വദിക്കാൻ കഴിഞ്ഞില്ല.
തുടർന്ന് തന്റെ വിവാഹ ആഘോഷത്തോടനുബന്ധിച്ച് മുസ്ലീം സുഹൃത്തുക്കൾക്കായി ഒരു പള്ളിയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു.
തുടർന്ന് നവദമ്പതികളെ ജലാലിയ്യ ജുമാ മസ്ജിദ് ഇമാമും ഭാരവാഹികളും അനുമോദിക്കുകയും ഇഫ്താറിൽ പങ്കെടുത്ത മുഴുവൻ ആളുകളും നവദമ്പതികളെ ആശീർവദിക്കുകയും ചെയ്തു.