കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിവരങ്ങള്‍ ചോരരുതെന്ന കര്‍ശന നിര്‍ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി. വ്യാഴാഴ്ച വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിലാണ് ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് അന്വേഷണ സംഘത്തിന് ഈ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം കേസിലെ വിവരങ്ങള്‍ ചോരുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു കോടതിയില്‍ വിചാരണയില്‍ ഇരിക്കുന്ന കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളും, ഓഡിയോ ക്ലിപ്പുകളും ചേരുന്നത് വിചാരണയെയും കേസിനെ തന്നെയും ദുര്‍ബലപ്പെടുത്താനിടയുണ്ടെന്നും അതിനാല്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും ക്രൈംബ്രാഞ്ച് മേധാവി നിര്‍ദേശിച്ചു.
നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി ബൈജു പൗലോസ്, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് അടക്കമുള്ള തുടരന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എസ്പി മോഹനചന്ദ്രന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.