വാഷിംഗ്ടൺ: സർവീസിലിരിക്കെ ഖത്തറിനുവേണ്ടി രഹസ്യമായി ലോബിയിംഗ് നടത്തിയതിന് പാക്കിസ്താനിലേയും യു എ ഇയിലേയും മുൻ യുഎസ് അംബാസഡറായ റിച്ചാർഡ് ഓൾസൺ കുറ്റസമ്മതം നടത്തിയതായി കോടതി രേഖകളെ ഉദ്ധരിച്ച് റിപ്പോർട്ട്.
പാക്കിസ്താനിലെ യുഎസ് പ്രതിനിധിയായി പ്രവർത്തിക്കുമ്പോൾ തന്നെ ഖത്തറിലേക്കുള്ള ആഡംബര യാത്ര ആസ്വദിച്ചതായും അദ്ദേഹം വെളിപ്പെടുത്തിയതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹത്തിന്റെ അഭിഭാഷകൻ നൽകിയ ഒരു അനുമതി കത്തിൽ, “കുറ്റം ഏറ്റുപറയാനും കാലിഫോർണിയയിലെ സെൻട്രൽ ഡിസ്ട്രിക്റ്റിലെ വിചാരണ ഉപേക്ഷിക്കാനും കൊളംബിയ ഡിസ്ട്രിക്റ്റിൽ കേസ് തീർപ്പാക്കാനും ഞാൻ ആഗ്രഹിക്കുന്നു.”
അഫ്ഗാനിസ്ഥാന്റെയും പാക്കിസ്താന്റെയും പ്രത്യേക യു എസ് പ്രതിനിധിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ഓൾസൺ, സൈന്യത്തിൽ സേവനമനുഷ്ഠിക്കുമ്പോഴും വിരമിച്ചതിന് ശേഷം ഒരു വർഷത്തിനുള്ളിൽ ഒരു വിദേശ രാജ്യത്തിന് വേണ്ടി ലോബി ചെയ്ത് നിയമം ലംഘിച്ചുവെന്ന് ഫെഡറൽ കോടതിയിൽ ആരോപിക്കപ്പെട്ടു.
സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സുപ്പീരിയർ ഓണർ അവാർഡ് മൂന്ന് തവണ നേടിയിട്ടുള്ള ഓൾസൺ, പ്രസിഡന്റിന്റെ വിശിഷ്ട സേവന അവാർഡും പ്രതിരോധ സെക്രട്ടറി എക്സപ്ഷണൽ സിവിലിയൻ സർവീസ് അവാർഡും നേടിയിട്ടുണ്ട്. വിരമിച്ച ശേഷം, അദ്ദേഹം വിർജീനിയയിലേക്ക് താമസം മാറി, വാഷിംഗ്ടൺ തിങ്ക് ടാങ്കുകളിൽ ദക്ഷിണേഷ്യൻ വിഷയങ്ങളിൽ സ്ഥിരം പ്രഭാഷകനായി, അവിടെ തീവ്രവാദത്തെ ചെറുക്കാനുള്ള പാക്കിസ്താന്റെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
അൽ ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദന്റെ കൊലപാതകത്തിൽ കലാശിച്ച 2011ലെ അബോട്ടാബാദ് റെയ്ഡിനെ തുടർന്ന് അന്നത്തെ അംബാസഡർ കാമറൂൺ മുണ്ടർ രാജിവച്ചതിനെത്തുടർന്ന് 2012ൽ മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയാണ് ഓൾസണെ പാക്കിസ്താന് അംബാസഡറായി നിയമിച്ചത്.