കൊച്ചി: അവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവനടിയെ പീഡിപ്പിച്ച കേസിൽ നടന്‍ വിജയ് ബാബുവിനെതിരെ അമ്മയുടെ നടപടി ഇന്നുണ്ടാകും. ഇതിന്റെ ഭാഗമായി വിജയ് ബാബുവിനോട് അമ്മ വിശദീകരണം തേടിയിരുന്നു. അതേസമയം, വിജയ് ബാബുവിനെതിരായ നടപടി തുടർനടപടികൾക്കായി ഇന്ന് ചേരുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് ശേഷമായിരിക്കും. വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര സമിതി സംഘടനയോട് ശുപാർശ ചെയ്തിട്ടുണ്ട്.
അമ്മയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്‌പെന്‍ഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നാണ് ആവശ്യം. എന്നാല്‍ വിദേശത്തെക്ക് മുങ്ങിയ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് എന്നും അറസ്റ്റ് ചെയ്യാന്‍ തടസമില്ലന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി അറസ്റ്റിന് തടസമാകില്ലന്നാണ് പോലീസ് പറയുന്നത്.
അറസ്റ്റ് ചെയ്യാന്‍ ആവശ്യമെങ്കില്‍ വിദേശത്ത് പോകും. വിജയ് ബാബുവിനെതിരായ പുതിയ മീടൂ ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. എന്നാല്‍ വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ വേനലവധിക്ക് ശേഷം പരിഗണിക്കാനായി ഹൈക്കോടതി മാറ്റി വച്ചിരിക്കുകയാണ്.
എന്നാൽ അമ്മയില്‍ തെരഞ്ഞെടുപ്പിന് ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണിത്. പുതിയ ഭരണസമിതിയുടെയും പുതിയ കമ്മിറ്റികളുടെയും തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് അമ്മ ഒരു വിവാദത്തിന് തീരുമാനമെടുക്കുന്നത്. ദിലീപിന്റെ കാര്യത്തിൽ അമ്മ യോഗത്തിലുണ്ടായ സംഭവവികാസങ്ങൾ അമ്മയിൽ വിവാദമുണ്ടാക്കിയിരുന്നു. എന്നാൽ പുതിയ കേസിൽ അമ്മയുടെ തീരുമാനം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് എല്ലാവരും.