കോഴിക്കോട്: പ്രശസ്ത വ്‌ളോഗറും ആല്‍ബം നടിയുമായ റിഫ മെഹ്നു ദുബായിയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പോലീസ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താനാണ് പുതിയ തീരുമാനം. ഇതു സംബന്ധിച്ച് കോഴിക്കോട് ആര്‍ഡിഒയ്ക്ക് പോലീസ് അപേക്ഷ നല്‍കി. അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ സ്വീകരിക്കും. റിഫയുടെ ബന്ധുക്കളുടെ പരാതിയുടെ പശ്ചാത്തലത്തിലാണ് പോലീസിന്റെ നടപടി. മരണത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷണ പരിധിയിലുണ്ടെന്ന് പോലീസ് അറിയിച്ചു.
അതേസമയം, ഭര്‍ത്താവ് മെഹ്നാസിനെതിരെ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ തികഞ്ഞ പ്രതീക്ഷയെന്ന് റിഫയുടെ അച്ഛന്‍ റാഷിദ് പറഞ്ഞു. കുറ്റക്കാരെ പോലീസ് നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പോലീസിനോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിരുന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരേ കൂടുതല്‍ തെളിവുകളും മൊഴികളും ലഭിച്ച സാഹചരൃത്തിലാണ് 306, 498 എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്.