കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥിയാരെന്ന കാര്യത്തില്‍ തര്‍ക്കം തുടങ്ങി. ഉപതെരഞ്ഞെടുപ്പില്‍ സഹതാപം കൊണ്ട് ജയിക്കാന്‍ കഴിയില്ലെന്ന് മുന്‍ എംഎല്‍എ ഡൊമിനിക് പ്രസന്റേഷന്‍ പ്രതികരിച്ചു. പി.ടി.തോമസിന്റെ ഭാര്യ ഉമാ തോമസ് സ്ഥാനാര്‍ഥിയാകുന്നതിനെയാണ് അദ്ദേഹം പരോക്ഷമായി വിമര്‍ശിച്ചത്.
തൃക്കാക്കര ഒരു നഗര മണ്ഡലമാണ്. വിവിധ സാമൂഹ്യ സാഹചര്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ വിപരീത ഫലമുണ്ടാകും. ആരെ നിര്‍ത്തിയാലും വിജയിക്കാമെന്ന ധാരണ ശരിയല്ല. കെ.വി.തോമസ് ഇപ്പോഴും എഐസിസി അംഗമാണെന്നും ഒരാള്‍ പിണങ്ങിയാല്‍ പോലും മണ്ഡലത്തില്‍ തിരിച്ചടിയാകുമെന്നും ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു.
അതേസമയം, ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനം വരാതെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസ്. തൃക്കാക്കര വ്യക്തിപരമായി പരിചയമുള്ള മണ്ഡലമാണ്. പി.ടി അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ആ അച്ചടക്കം തുടരണമെന്നാണ് ആഗ്രഹം. താന്‍ ഉറച്ച ഈശ്വര വിശ്വാസിയാണ്. നല്ലതു പ്രതീക്ഷിക്കുന്നതായും ഉമാ തോമസ് പ്രതികരിച്ചു.
സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് പ്രതികരിച്ചില്ലെങ്കിലും മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളാന്‍ അവര്‍ തയാറായില്ല. ജില്ലയിലെ മറ്റ് ചില നേതാക്കള്‍ മണ്ഡലത്തില്‍ കണ്ണുവച്ചിരിക്കുന്നതിനിടെയാണ് ഉമ മത്സരിക്കട്ടെ എന്ന ഏകദേശ ധാരണ നേതൃത്വത്തിലുണ്ടായിരിക്കുന്നത്.