ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട ട്വീറ്റിന്റെ പേരിൽ അസം പൊലീസ് അറസ്റ്റ് ചെയ്ത ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയെ വിട്ടയച്ചു. മോചിതനായി രണ്ട് ദിവസത്തിന് ശേഷം തിങ്കളാഴ്ച, ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ അദ്ദേഹം ആഞ്ഞടിച്ചു. തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ നശിപ്പിക്കാനും അപകീർത്തിപ്പെടുത്താനുമുള്ള “മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ” ഭാഗമാണെന്ന് പറഞ്ഞു.
56 ഇഞ്ച് ഭീരുത്വമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. “പിഎംഒയിൽ ഇരിക്കുന്ന ചില ഗോഡ്‌സെ ഭക്തരാണ് എന്റെ അറസ്റ്റിന് പിന്നിൽ,” അദ്ദേഹം തലസ്ഥാനമായ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു .
22 പരീക്ഷാ പേപ്പർ ചോർച്ച, മുന്ദ്ര തുറമുഖത്ത് നിന്ന് 1.75 ലക്ഷം കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടൽ തുടങ്ങി നിരവധി വിഷയങ്ങളിൽ ജൂൺ ഒന്നിന് ‘ഗുജറാത്ത് ബന്ദ്’ നടത്തുമെന്ന് മേവാനി പ്രഖ്യാപിച്ചു. ഉനയിൽ ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും എതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കേസുകളും പിൻവലിക്കാൻ സമ്മർദ്ദം സൃഷ്ടിക്കും.
“അസം പോലീസ് എന്നെ അറസ്റ്റ് ചെയ്തത് മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയായിരുന്നു. ഒരു എം.എൽ.എ.യുടെ പ്രോട്ടോകോളിന്റെയും ചട്ടങ്ങളുടെയും കടുത്ത ലംഘനമായിരുന്നു അത്,” വദ്ഗാമിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ മേവാനി പറഞ്ഞു.
ഏപ്രിൽ 19 ന് ഗുജറാത്തിൽ നിന്ന് ജിഗ്നേഷ് മേവാനിയെ അസം പോലീസ് അറസ്റ്റുചെയ്ത് വടക്കുകിഴക്കൻ സംസ്ഥാനമായ അസമിലേക്ക് കൊണ്ടുവന്നു. ഗോഡ്‌സെയെ ദൈവമായാണ് കാണുന്നത് എന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി മോദിയെക്കുറിച്ച് മേവാനി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് അസം പോലീസിന്റെ നടപടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച ട്വീറ്റുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ച ഉടൻ തന്നെ വനിതാ പോലീസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മേവാനിയെ അസം പോലീസ് തിങ്കളാഴ്ച (ഏപ്രിൽ 25) വീണ്ടും അറസ്റ്റ് ചെയ്തു.
ബാർപേട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുകുൾ ചേതിയ ഏപ്രിൽ 26-ന് മേവാനിയെ ജാമ്യം അനുവദിക്കാൻ വിസമ്മതിച്ച് അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. അതിനുശേഷം, ഏപ്രിൽ 28 ന് മേവാനി പുതിയ ജാമ്യാപേക്ഷ സമർപ്പിച്ചു. അതിൽ വാദം കേട്ടതിന് ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. ബാർപേട്ട ജില്ലാ ജഡ്ജി ഏപ്രിൽ 29 ന് മേവാനിക്ക് ജാമ്യം അനുവദിക്കുകയും ആക്രമണ കേസിൽ “തെറ്റായ എഫ്‌ഐആർ” രജിസ്റ്റർ ചെയ്തതിന് അസം പോലീസിനെ വിമര്‍ശിക്കുകയും ചെയ്തു.
രണ്ട് പുരുഷ പോലീസുകാരുടെ സാന്നിധ്യത്തിൽ ഒരു വനിതാ പോലീസുകാരിയോട് വിവേകമുള്ള ആരും മോശമായി പെരുമാറാൻ ശ്രമിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. കുറ്റാരോപിതനായ ജിഗ്നേഷ് മേവാനിക്ക് ഭ്രാന്താണെന്ന് കാണിക്കുന്ന ഒന്നും രേഖയിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു.
തെന്നിന്ത്യൻ ചിത്രമായ ‘പുഷ്പ: ദി റൈസ്’ എന്ന ചിത്രത്തിലെ പ്രശസ്തമായ ഡയലോഗ് പരാമർശിച്ചുകൊണ്ട്, താൻ ‘ഫയർ’ ആണെന്നും ‘ഫ്ലവർ’ അല്ലെന്നും അത്തരം സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന് എംഎൽഎ പറഞ്ഞതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. തന്നിൽ നിന്നും സംഘാംഗങ്ങളിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ സർക്കാർ എന്തെങ്കിലും “ഇൻസുലേറ്റ്” ചെയ്തിരിക്കാൻ എല്ലാ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘മഹാത്മാവിന്റെ (ഗാന്ധി) ക്ഷേത്രം’ എന്ന് താൻ കരുതുന്ന ഗുജറാത്തിൽ സമാധാനത്തിനും ഐക്യത്തിനും ആഹ്വാനം നൽകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുക മാത്രമാണ് താൻ ട്വീറ്റ് ചെയ്തതെന്ന് മേവാനി പറഞ്ഞു.
“സമാധാനത്തിനും ഐക്യത്തിനും വേണ്ടി അപേക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല എന്നാണോ ഇതിനർത്ഥം? ഗോഡ്‌സെ ഭക്തരല്ലെങ്കിൽ ചെങ്കോട്ടയിൽ നിന്ന് ഗോഡ്‌സെ മുർദാബാദ് എന്ന് പറയാൻ ഞാൻ ബിജെപി നേതാക്കളെ വെല്ലുവിളിക്കുന്നു.” അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസ് മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് ഇതെന്നാണ് എന്റെ ആരോപണം. ഗുജറാത്തിൽ ഉടൻ തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്, എന്നെ നശിപ്പിക്കാനാണ് ഇത് ചെയ്യുന്നത്. എന്റെ കണ്ടുകെട്ടിയ കംപ്യൂട്ടറിൽ അവർ എന്തെങ്കിലും വെച്ചിട്ടുണ്ടാകുമെന്ന് ഞാൻ ഭയപ്പെടുന്നു.’
ഇത്തരം പ്രവര്‍ത്തികള്‍ നമ്മുടെ ജനാധിപത്യത്തിന് വളരെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പരാതി നൽകാൻ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സമ്മർദ്ദത്തിലാക്കിയെന്നും എന്നാൽ അവർക്കെതിരെ നടപടിയെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റിനെക്കുറിച്ച് അറിയില്ലെന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ അവകാശവാദത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു, “അസം മുഖ്യമന്ത്രിക്ക് എന്റെ അറസ്റ്റിനെക്കുറിച്ച് പോലും അറിയില്ല എന്നത് ശുദ്ധ അസംബന്ധമാണ്. അവരുടെ രാഷ്ട്രീയ യജമാനന്മാരുടെ നിർദ്ദേശപ്രകാരമാണ് അവർ എനിക്കെതിരെ കുറ്റം ചുമത്തിയത്.”
അസം പോലീസ് സംസ്ഥാനമായി മാറുകയാണെന്ന് ജുഡീഷ്യറിക്ക് പറയേണ്ടി വരുന്നത് ലജ്ജാകരമാണെന്നും മേവാനി പറയുന്നു. വരാനിരിക്കുന്ന നീക്കത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകിക്കൊണ്ട്, തനിക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും കോടതിയില്‍ വെല്ലുവിളിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പട്ടിദാർ സമുദായത്തിനെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും അവരുടെ പ്രക്ഷോഭത്തിനിടെ പിൻവലിച്ചതുപോലെ, ഉനയിലെ എല്ലാ ദളിതർക്കും എന്റെ വദ്ഗാം നിയമസഭാ മണ്ഡലത്തിലെ ന്യൂനപക്ഷങ്ങൾക്കും എതിരായി രജിസ്റ്റർ ചെയ്ത കേസുകളും പിൻവലിക്കണം.
പേപ്പർ ചോർച്ച കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം, മുന്ദ്ര തുറമുഖത്ത് നിന്ന് 1.75 ലക്ഷം കോടി രൂപയുടെ മയക്കുമരുന്ന് ലഭിച്ച കേസിൽ ഗൗതം അദാനിയെ അന്വേഷിക്കണം.
ഗുജറാത്തിൽ 22 പരീക്ഷാ പേപ്പറുകള്‍ ചോർന്നതായും മുന്ദ്ര തുറമുഖത്ത് നിന്ന് 1.75 ലക്ഷം കോടി രൂപയുടെ മയക്കുമരുന്ന് കണ്ടെത്തിയതായും ഒരു ദളിത് യുവതി സിറ്റിംഗ് മന്ത്രിക്കെതിരെ ബലാത്സംഗം ആരോപിച്ചതായും ഗുജറാത്ത് എംഎൽഎ പറഞ്ഞു. ഇത് ഗുജറാത്ത് നിയമസഭയിൽ ചർച്ച ചെയ്യപ്പെട്ടു. ഈ കേസുകളിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല.
കൂടാതെ, ഒരു പ്രത്യേക സമുദായത്തിനെതിരായ വംശഹത്യയ്ക്ക് ധർമ്മ സൻസദ് സംഘാടകർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. എന്നാൽ, ഒരു ട്വീറ്റിൽ അവർക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും മറ്റൊരു കേസ് ഫയൽ ചെയ്യാൻ ഒരു സ്ത്രീയെ ഉപയോഗിക്കുകയും ചെയ്തു, മേവാനി പറഞ്ഞു.
മെവാനി പറഞ്ഞു, “എന്റെ ട്വീറ്റ് നേരായതായിരുന്നു. സമാധാനത്തിനും ഐക്യത്തിനും വേണ്ടി അഭ്യർത്ഥിക്കാൻ മാത്രമാണ് ഞാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ഇതിന്റെ പേരിൽ അവർ എന്നെ അറസ്റ്റ് ചെയ്തു. അത് എന്തിനെ പ്രതിനിധീകരിക്കുന്നു? എന്നെ നശിപ്പിക്കാനുള്ള ആസൂത്രിത ഗൂഢാലോചനയായിരുന്നു അത്. എഫ്‌ഐആറിന്റെ പകർപ്പ് പോലും നൽകിയില്ല. എനിക്കെതിരെ ചുമത്തിയ വകുപ്പുകളെക്കുറിച്ച് എന്നെ അറിയിച്ചിട്ടില്ല.”
അഭിഭാഷകനുമായി സംസാരിക്കാൻ എന്നെ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ എന്ന നിലയിലുള്ള എന്റെ പദവികൾ ലംഘിക്കപ്പെട്ടു. എന്റെ അറസ്റ്റിനെക്കുറിച്ച് ഗുജറാത്ത് നിയമസഭാ സ്പീക്കറെ അറിയിച്ചിട്ടില്ല. ഒരു പക്ഷെ എന്നെ അസമിലേക്ക് കൊണ്ടുപോയതിനു ശേഷം ഒരിക്കൽ ഞാൻ അവരെ വിവരമറിയിച്ചു. ഇത് ഗുജറാത്തിന്റെ അഭിമാനത്തെ വ്രണപ്പെടുത്തുന്നതാണ്. ഗുജറാത്ത് സർക്കാര്‍ ലജ്ജിക്കണം.
(പ്രാദേശിക വാർത്താ ഏജൻസികളുടെ സഹകരണത്തോടെ തയ്യാറാക്കിയത്)