തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും, കാറ്റും ഇടിമിന്നലിനും ഉണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്. ഞായറാഴ്ച വരെ മഴ തുടരാനാണ് സാധ്യത.
അന്തരീക്ഷ ഊഷ്മാവ് വർധിച്ച് അന്തരീക്ഷത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ കാരണം കൂടുതൽ ഈർപ്പമുള്ള മേഘങ്ങൾ കരയിലെത്തുന്നതാണ് മഴ ശക്തി പ്രാപിക്കാന്‍ കാരണം. ഇടുക്കി മുതൽ പത്തനംതിട്ട വരെയുള്ള ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുക. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമായി. ചക്രവാതചുഴി ഏഴാം തിയതിയോടെ ന്യൂന മര്‍ദ്ദമായി മാറിയേക്കും. എന്നാൽ, കേരള തീരത്ത് നിലവിൽ മത്സ്യബന്ധനം നിരോധിച്ചിട്ടില്ല.
മഴയോടൊപ്പം 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. നിലവില്‍ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല.