കൊച്ചി: നടി മഞ്ജു വാര്യരുടെ പരാതിയെ തുടർന്ന് അറസ്റ്റിലായ സംവിധായകൻ സനൽകുമാർ ശശിധരനെ ആലുവ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതോടെ നാടകീയ രംഗങ്ങൾ വെള്ളിയാഴ്ച ഉച്ചയോടെ അവസാനിച്ചു. പോലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം നൽകേണ്ടതില്ലെന്ന നിലപാടില്‍ സനല്‍കുമാര്‍ ഉറച്ചുനിന്നതോടെയാണ് കോടതിയിൽ ഹാജരാക്കിയത്.
വെള്ളിയാഴ്ച രാവിലെ ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോൾ പോലീസിനെതിരെ കോടതിയിൽ പരാതി നൽകുമെന്ന് ശശിധരൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മജിസ്‌ട്രേറ്റിന് മുന്നിൽ നിരവധി വെളിപ്പെടുത്തലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആലുവ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പോലീസിനെതിരെയല്ല മറ്റ് വിഷയങ്ങള്‍ കോടതിയെ ധരിപ്പിക്കാനുണ്ടെന്ന് സനല്‍കുമാര്‍ പറഞ്ഞു. 2019 മുതല്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ തന്നെ ശല്യം ചെയ്യുന്നുവെന്നും ഫോണ്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് മഞ്ജു വാര്യരുടെ പരാതിയിലുള്ളത്.
കേസുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകൾ നടത്താനുണ്ടെന്ന് സനല്‍കുമാര്‍ കോടതിയില്‍ പറഞ്ഞു. കസ്റ്റഡിയിലെടുത്തതിന് ശേഷം പോലീസിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പീഡനം നേരിട്ടിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു. പോലീസിൽ നിന്ന് തനിക്ക് ഒരു പീഡനവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കേസിന്റെ മറ്റ് വശങ്ങൾ സംബന്ധിച്ച വെളിപ്പെടുത്തലുകൾ കേസ് അന്വേഷിക്കുന്ന പോലീസിന് നൽകുമെന്ന് സനല്‍കുമാര്‍ പറഞ്ഞു. പിന്നീട് രണ്ട് ആൾ ജാമ്യം നേടിയ ശേഷം കോടതി ജാമ്യം അനുവദിച്ചു.
തന്റെ ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നിവര്‍ വഴിയും സനല്‍ കുമാര്‍ പ്രണയാഭ്യര്‍ത്ഥന നടത്തി. ഇത് നിരസിച്ചതോടെയാണ് പിന്തുടര്‍ന്ന് ശല്യം ചെയ്തത് എന്നാണ് പരാതിയിലുള്ളത്. ഭീഷണിപ്പെടുത്തല്‍, സോഷ്യല്‍ മീഡിയ വഴി അപമാനിക്കല്‍ തുടങ്ങിയ പരാതികളും സനല്‍കുമാര്‍ ശശിധരനെതിരെയുണ്ട്. ഇതില്‍ 354 ഡി വകുപ്പിലാണ് എളമക്കര പോലീസ് കേസ് എടുത്തിരിക്കുന്നത്.
പിന്തുടര്‍ന്ന് ശല്യപ്പെടുത്തുക നിരീക്ഷിക്കുക എന്നിവയാണ് സനല്‍കുമാര്‍ ശശിധരന് മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. ശിക്ഷിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സനല്‍ കുമാര്‍ മഞ്ജു വാര്യരെ ചുറ്റിപ്പറ്റി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു.
മഞ്ജുവാര്യരുടെ ജീവന് ഭീഷണിയുണ്ടെന്നും നിക്ഷിപ്ത താത്പര്യങ്ങളുള്ള സ്വന്തം ജീവനക്കാരുടെ തടങ്കലിലാണ് മഞ്ജു വാര്യരെന്നും സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതോടെ മഞ്ജു വാര്യര്‍ പ്രതികരിക്കുമോ എന്ന ആകാംക്ഷയിലായിരുന്നു ആരാധകരും സിനിമാ ലോകവും. തിരുവനന്തപുരം പാറശാലയില്‍ ബന്ധു വീട്ടിലെത്തിയപ്പോഴാണ് സനല്‍കുമാര്‍ ശശിധരനെ എളമക്കര പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.
താൻ മഞ്ജുവിനെ വേട്ടയാടിയിട്ടില്ലെന്ന് സനല്‍കുമാര്‍ കോടതിയിൽ നിന്ന് പുറത്തിറങ്ങവെ മാധ്യമങ്ങളോടു പറഞ്ഞു. മഞ്ജുവിന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് താന്‍ സന്ദേശങ്ങൾ അയച്ചിരുന്നുവെന്നാണ് ഇയാൾ പറയുന്നത്. എന്നാല്‍, നിരവധി സന്ദേശങ്ങളോട് അവര്‍ പ്രതികരിച്ചില്ല. തുടർന്ന് സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇടാനും ഇന്ത്യൻ രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും കത്തെഴുതാനും സനല്‍കുമാര്‍ തീരുമാനിച്ചു.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെ താൻ മഞ്ജുവിനോട് പ്രണയാഭ്യർത്ഥന നടത്തിയെന്ന് സമ്മതിച്ചു. പ്രണയാഭ്യർത്ഥനയുമായി ഇതിന് ബന്ധമില്ല. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്ന് ഞാൻ ഭയപ്പെടുന്നു. ഇതുവരെ റിലീസ് ചെയ്യാൻ കഴിയാത്ത “കൈയ്യാട്ടം” എന്ന സിനിമയുമായി ബന്ധപ്പെട്ട് മഞ്ജുവിനെ കാണാൻ പലതവണ ശ്രമിച്ചു. പോലീസും കോടതിയും സത്യം പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും സനല്‍കുമാര്‍ പറഞ്ഞു.
പാറശ്ശാലയിൽ നിന്ന് വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സനല്‍കുമാറിനെ എളമക്കര പോലീസ് സ്‌റ്റേഷനിൽ എത്തിച്ചത്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വ്യാഴാഴ്ച പൊലീസ് സ്റ്റേഷനിൽ നിന്ന് തന്നെ ജാമ്യം അനുവദിക്കാൻ പൊലീസ് തീരുമാനിച്ചു. അതിന്റെ ഭാഗമായി സനല്‍കുമാറിന്റെ ബന്ധുക്കളോട് ജാമ്യ നടപടികൾ പൂർത്തിയാക്കാനും ആൾ ജാമ്യം ഏർപ്പാടാക്കാനും പറഞ്ഞിരുന്നു. എന്നാൽ, സനല്‍കുമാര്‍ പോലീസുമായി സഹകരിക്കാൻ വിസമ്മതിക്കുകയും പോലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യമെടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. പകരം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ നിർബന്ധിച്ചു. സനല്‍കുമാറില്‍ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ് പറഞ്ഞു.