തിരുവനന്തപുരം: സീറോ മലങ്കര സുറിയാനി സഭയ്ക്ക് പുതിയ രണ്ടു ബിഷപ്പുമാരെ കൂടി നിയമിച്ചു. സഭയ്ക്ക് കൂരിയാ ബിഷപിനെയും തിരുവനന്തപുരം മേജർ അതിരൂപതയ്ക്ക് സഹായ മെത്രാനെയുമാണ് പുതുതായി നിയമിച്ചത്.
ഡെൽഹി-ഗുഡ്ഗാവ് ഭദ്രാസനത്തിൽ ബിഷപ് തോമസ് മാർ അന്തോണിയോസാണ് പുതിയ അധ്യക്ഷൻ. പൂനെ സെന്റ് എഫ്രേം ഭദ്രാസന മെത്രാനായി അദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു. തിരുവനന്തപുരം പട്ടം സെൻറ് മേരീസ് കത്തീഡ്രലിൽ മലങ്കര സഭാ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി.
മലങ്കര കത്തോലിക്കാ സുവിശേഷ സംഘം ഡയറക്ടർ റവ.ഡോ. ആന്റണി കാക്കനാട്ടിനെ സഭാ ആസ്ഥാനമായ കാതോലിക്കേറ്റ് സെന്ററിൽ കൂരിയ മെത്രാനായി നിയമിച്ചു.
മാർ ഇവാനിയോസ് കോളജ് മുൻ പ്രിൻസിപ്പൽ റവ.ഡോ. മാത്യു മനക്കരക്കാവിലിനെ തിരുവനന്തപുരം മേജർ അതിരൂപതാ സഹായ മെത്രാനായും നിയമിച്ചു.