ഡാളസ്: മെയ് എട്ടാം തീയതി ഞായറാഴ്ച ഗാർലൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ രാത്രിയും പകലുമായി നടന്ന ഫൈനൽ മത്സരത്തിൽ ഫ്രണ്ട്സ് ഓഫ് ക്രിക്കറ്റ് ടീം നാലാമത് എഫ് ഓ ഡി കപ്പ് ക്രിക്കറ്റ് ജേതാക്കളായി. സിക്സ്ഴ്സ് ക്രിക്കറ്റ് ടീമിനെ 68 റൺസിന് പരാജയപ്പെടുത്തി കൊണ്ടായിരുന്നു ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം വിജയികളായത്.
ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഫ്രണ്ട്സ് ഓഫ് ഡാളസ് ടീം 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 168 റൺസെടുത്തിരുന്നു. എന്നാൽ സിക്സ്ഴ്സ് ടീം 100 റൺസ് എടുക്കുന്നതിനിടയിൽ പന്ത്രണ്ടാമത്തെ ഓവറിൽ എല്ലാ ബാറ്റ്സ്മാന്മാരും ഔട്ട് ആകുകയായിരുന്നു. ഫ്രണ്ട്‌സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീമിനുവേണ്ടി സന്തോഷ് വടക്കേകുറ്റി , വൈസ് ക്യാപ്റ്റൻ. അലൻ ജെയിംസ് എന്നിവർ വളരെ മനോഹരമായ തുടക്കമായിരുന്നു നൽകിയത്. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ശിവൻ സുബ്രഹ്മണ്യം, പ്രിൻസ് ജോസഫ് , ജോഷ്വ ഗില്ഗാൽ തുടങ്ങിയവർ ടീമിനെ ശക്തമായി നിലയിലേക്ക് എത്തിച്ചു. ന്യൂയോർക്ക്, ന്യൂജേഴ്സി ,ഫിലഡൽഫിയ ,തുടങ്ങിയ സ്റ്റേറ്റുകളിൽ നിന്നും വന്ന കളിക്കാരിൽ ആയിരുന്നു സിക്സ്ഴ്സ് ടീമിന്റ്റെ പ്രതീക്ഷകൾ. എന്നാൽ ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീമിലെ ആശിഷ് മാത്യു, റെനി ജോൺ , ബിനു വർഗീസ്, എന്നിവരുടെ ബൗളിംങ്നു മുന്നിൽ സിക്സ്ഴ്സ് ടീം തകർന്നടിയുകയായിരുന്നു.
ഡാളസ് ഫോർട്ട് വർത്ത് മെട്രോ പ്ളേൿസിൽ ഉള്ള ഇരുന്നൂറിൽപ്പരം ക്രിക്കറ്റ് പ്രേമികൾ ഫൈനൽ മത്സരം കാണുവാൻ ഗ്രൗണ്ടിൽ തിങ്ങി കൂടിയിരുന്നു. ഫൈനൽ മത്സരത്തിലെ ഏറ്റവും നല്ല കളിക്കാരനായി ശിവൻ സുബ്രഹ്മണ്യം തെരഞ്ഞെടുക്കപ്പെട്ടു. ടൂർണ്ണമെൻറിൽ ഏറ്റവും കൂടുതൽ റൺസ് റൺസ് നേടിയ കളിക്കാരനായി ടോണി അലക്സാണ്ടർ തിരഞ്ഞെടുക്കപ്പെട്ടു. ടൂർണ്ണമെൻറിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടി ആശിഷ് മാത്യു ട്രോഫി കരസ്ഥമാക്കി.
ഗാർലാൻഡ് സിറ്റി മേയർ സ്കോട്ട് ലേമെയ് , ഡിസ്ട്രിക് ഫോർ കൗൺസിലർ മെമ്പർ ബി. ജെ. വില്യംസ്, ഡിസ്ട്രിക് ഫൈവ് കൗൺസിൽ മെമ്പർ റിച്ഛ് അപ്യൂൺ , ഗാർലാൻഡ് സിറ്റി യൂത്ത് കൗൺസിൽ വൈസ് പ്രസിഡൻറ് ജോതം സൈമൺ, ടൂർണമെൻറ് സ്പോൺസർ ജസ്റ്റിൻ വർഗീസ് തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു.
വിജയികൾക്ക് വേണ്ടി ഫ്രണ്ട്സ് ഓഫ് ഡാളസ് ടീം ക്യാപ്റ്റൻ അജു മാത്യു, വൈസ് ക്യാപ്റ്റൻ അലൻ ജെയിംസ് എന്നിവർ ട്രോഫികൾ ഏറ്റുവാങ്ങി. ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം മേനേജർ , ഡോ. ഷിബു ശാമുവേൽ ക്രിക്കറ്റ് പ്രേമികൾക്കും വിജയികൾക്കും ആശംസകളും നന്ദിയും അറിയിച്ചു.