തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ കാമ്പയിന്റെ ഭാഗമായി ഇന്ന് 29 ഹോട്ടലുകൾ അടച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് 226 ഹോട്ടലുകളില്‍ നടത്തിയ പരിശോധനകളിലാണ് നടപടി. ഇതോടെ മെയ് 2 മുതൽ നാളിതുവരെ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിച്ച 101 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 90 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. 102 കിലോ പഴകിയ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്താകെ 1930 പരിശോധനകൾ നടത്തി. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 181 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 631 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 282 കിലോഗ്രാം വൃത്തിഹീനമായ ഇറച്ചി പിടികൂടി നശിപ്പിച്ചു. 159 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
ഓപ്പറേഷന് മത്സ്യയുടെ ഭാഗമായി ഇതുവരെ 6204 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4073 പരിശോധനകളില്‍ 2121 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്ക്കരിച്ച ഓപ്പറേഷന് ജാഗറിയുടെ ഭാഗമായി 507 സ്ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശര്‍ക്കരയുടെ 136 സര്‍വയലന്‍സ് സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.
തിരുവനന്തപുരം കോർപറേഷനും വ്യാപകമായ പരിശോധനകൾ നടത്തി. നന്ദൻകോട് ഇറാനി റെസ്റ്റോറന്റിൽ നടത്തിയ പരിശോധനയിൽ 8കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, ഉപയോഗിച്ച പഴകിയ എണ്ണ, ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ചപ്പാത്തി, ഗ്രീൻ പീസ്, വേകിച്ച ചിക്കൻ, ബീഫ് എന്നിവ കണ്ടെത്തി നശിപ്പിച്ചു. മെഡിക്കൽ കോളേജ് സർക്കിളിൽ ഉൾപ്പെട്ട മൂൺ സിറ്റി തലശ്ശേരി ദം ബിരിയാണി എന്ന സ്ഥാപനം തികച്ചും വൃത്തിഹീനമായ നിലയിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തി. നന്ദൻകോട് ഗീതാഞ്ജലി ടിഫിൻ സെന്ററിൽ നടത്തിയ പരിശോധനയിൽ തികച്ചും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നത് എന്നും കണ്ടെത്തി.
ആക്കുളം നിഷിന് സമീപം പ്രവർത്തിക്കുന്ന ബീന ഹോസ്റ്റൽ എന്ന സ്ഥാപനത്തിൽ നിന്നും വിതരണത്തിനായി സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണം പിടിച്ചെടുത്തു നശിപ്പിച്ചു. അടുക്കളയും പരിസരവും വൃത്തിഹീനമായ ദുർഗന്ധം വമിക്കുന്ന അവസ്ഥയിൽ ആയിരുന്നു. അപാകതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കു ആയത് അടിയന്തിരമായി പരിഹരിക്കുന്നതിന് നോട്ടീസ് നൽകിയിട്ടുണ്ട്.