ഇടുക്കി: ഇടുക്കി ജില്ലയിലെ ഹിൽ സ്റ്റേഷനായ വാഗമണിൽ നടന്ന ഓഫ് റോഡ് ഡ്രൈവിംഗ് പരിപാടിയുമായി ബന്ധപ്പെട്ട് നടൻ ജോജു ജോർജിനെതിരെ കേസെടുത്തു. നടനെ കൂടാതെ, അനുമതി ഇല്ലാതെ അപകടകരമായ രീതിയില്‍ ഓഫ് റോഡ് റൈഡ് നടത്തിയതിന് സ്ഥലത്തിന്റെ ഉടമയ്ക്കും സംഘാടകര്‍ക്കുമെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മേയ് 9ന് കേരള സ്റ്റുഡന്റ്‌സ് യൂണിയൻ (കെഎസ്‌യു) ഇടുക്കി ജില്ലാ പ്രസിഡന്റ് ജില്ലാ കലക്‌ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും ഓഫീസിലേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടന്‍ ഉള്‍പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുത്തത്. ഇടുക്കി എസ്പിക്ക് ലഭിച്ച പരാതി അദ്ദേഹം വാഗമണ്‍ പൊലീസിന് കൈമാറുകയായിരുന്നു. ഇടുക്കിയില്‍ ഓഫ് റോഡ് റെയ്‌സുകള്‍ കലക്ടര്‍ നിരോധിച്ചിട്ടുണ്ട്. ഇത് മറികടന്നാണ് പരിപാടി നടത്തിയതെന്നാണ് ആരോപണം. പരിപാടിക്കിടെ താരം തന്റെ റാംഗ്ലർ ജീപ്പ് ഓടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, ഓഫ്-റോഡ് കോഴ്‌സ് പൂർത്തിയാക്കിയതിന് ശേഷം ജോർജ്ജ് ആവേശഭരിതനായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തില്‍ ജോജു ജോര്‍ജ് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മോടോര്‍വാഹന വകുപ്പും നോടിസ് നല്‍കിയിട്ടുണ്ട്. അപകടകരമായി വാഹനമോടിച്ചതിനാണ് മോടോര്‍വാഹന വകുപ്പിന്റെ നടപടി. ഇതിന് പുറമെ, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇടുക്കി ആര്‍ടിഒ, വണ്ടിപ്പെരിയാര്‍ ജോയിന്റ് ആര്‍ടിഒയെ ചുമതലപ്പെടുത്തി.
മൂന്നു ദിവസം മുന്‍പാണ് വാഗമണ്ണില്‍ ജോജു ജോര്‍ജും നടന്‍ ബിനു പപ്പുവും പങ്കെടുത്ത ഓഫ് റോഡ് ജീപ് റൈഡ് നടന്നത്. ജോജുവും സംഘവും അപകടകരമായി വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വാഗമണ്‍ എം എം ജെ എസ്റ്റേറ്റിലായിരുന്നു ഓഫ് റോഡ് റേസിംഗ്.
തുടര്‍ന്ന് തേയിലക്കാടുകള്‍ക്കിടയിലൂടെ റേസിംഗ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച്, ജോജുവിനും പരിപാടിയുടെ സംഘാടകര്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, ജില്ലാ ട്രാന്‍സ്‌പോര്‍ട് ഓഫിസര്‍ എന്നിവര്‍ക്ക് കെ എസ് യു പരാതി നല്‍കുകയായിരുന്നു. കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസാണ് പരാതി കൈമാറിയത്. ജവിന്‍ മെമോറിയല്‍ യു കെ ഒ എന്ന സംഘടനയാണ് മത്സരത്തിന്റെ സംഘാടകര്‍.
വാഗമണ്‍ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ കൃഷിക്ക് മാത്രമേ ഉപയോഗിക്കാവൂവെന്ന നിബന്ധനയുള്ള ഭൂമിയില്‍ നിയമവിരുദ്ധമായി ഓഫ് റോഡ് യാത്ര സംഘടിപ്പിച്ചുവെന്നാണ് പരാതിയിലുള്ളത്. സുരക്ഷാ സംവിധാനങ്ങളില്ലാതെയായിരുന്നു യാത്രയെന്നും പരാതിയിലുണ്ട്. കുറ്റം തെളിഞ്ഞാല്‍, ഐപിസി 336 വകുപ്പ് പ്രകാരം പരമാവധി മൂന്ന് മാസം വരെ തടവോ 250 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് ശിക്ഷ.
അന്വേഷണം നടക്കുന്നുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ അധിക ചാർജുകൾ ചേർക്കാനും ചേർക്കാതിരിക്കാനും സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിലവിൽ, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പോലെയുള്ള എല്ലാ വിശദാംശങ്ങളും തെളിവുകളും പോലീസ് ശേഖരിക്കുകയാണെന്നും അതിനുശേഷം, നടനേയും മറ്റുള്ളവരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.