സത്യം പറഞ്ഞാല്‍ സാത്താനും നാണിക്കുന്ന കാലമാണ്. സൂചി കടത്താന്‍ ഇടം കൊടുത്താല്‍ അവിടെ കോടാലി കടത്തുന്നതുപോലെയായി മലപ്പുറത്തെ മദ്രസാ പുരസ്ക്കാര ചടങ്ങില്‍ വെച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കുണ്ടായ അനുഭവം. സംസ്ഥാനത്തിന്‍റെ ഗവര്‍ണ്ണര്‍ സൂക്ഷ്മ നിരീക്ഷണ ബുദ്ധിയോടെ ഒരു സാംസ്ക്കാരിക വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല ഏറ്റെടുത്തു പറഞ്ഞത്. ‘പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം’. അദ്ദേഹം ആഹ്വാനം ചെയ്താല്‍ എഴുത്തുകാരന്‍റെ ധാര്‍മ്മിക നിലവാരമുയരും. പൗരാണികമായ ആചാരാനുഷ്ടാനങ്ങള്‍ ഇളക്കി മാറ്റി പുതിയ കാലത്തെ പ്രതിഷ്ഠിക്കാനും ശ്രമിക്കും. വടക്കേ ഇന്ത്യയില്‍ നിന്നുള്ള മതത്തിന്‍റെ ഭ്രാന്തന്‍ കോശങ്ങള്‍ മലയാളിയുടെ മനസ്സിലും നുഴഞ്ഞു കയറിക്കൊണ്ടിരിക്കുന്നു.
സൂര്യന് കിഴില്‍ മെഴുകുതിരി കത്തിച്ചു വെക്കുന്നയാളെ കണ്ടാല്‍ ഉള്ളില്‍ ആനന്ദം നിറഞ്ഞു തുളുമ്പാറില്ല. അതിലുപരി മനസ്സില്‍ തോന്നുക തെല്ലുപോലും വിവരമില്ലാത്ത വ്യക്തിയെന്നാണ്. കരിവണ്ടുപോലുള്ള കണ്ണുകളോടെ ഗുരുതുല്യനായ മതമേധാവിയുടെ ആജ്ഞയെ ശിരസ്സാ വഹിച്ച പാവം പെണ്‍കുട്ടി അസഹ്യമായ മനോവേദനയില്‍ മുഖം ചുവന്നുതുടുത്തത് ആരും കാണാതെ പോവരുത്. സ്വന്തം വീട്ടിലുള്ളവര്‍ക്ക് പറയാന്‍ ഭയം തോന്നും. മറ്റുള്ളവര്‍ എന്തിന് ഭയക്കണം. ഇവിടെയാണ് ഗുരുക്കന്മാരുടെ ആശീര്‍വാദം അഭിശാപമായി മാറുന്നത്. കേരളത്തിലെ പല പെണ്‍കുട്ടികളും സ്ത്രീകളും വീടിനകത്തും പുറത്തും പല വിധത്തിലുള്ള ദുരനുഭവങ്ങള്‍ നേരിടുന്നവരാണ്. അതൊന്നും പുറം ലോകമറിയുന്നില്ല. പലതും തിരശ്ശീലക്കുള്ളിലാണ് അരങ്ങേറുന്നത്. ഗവര്‍ണ്ണര്‍ ചോദിക്കുന്നത് അനശ്വരമായ ഒരു സംസ്ക്കാരമുള്ള മണ്ണിലെ ജനങ്ങള്‍ ഇത് നിശ്ശബ്ദം കണ്ടിരിക്കയാണോ?.
കേരളത്തില്‍ ക്ഷേത്ര പ്രവേശ വിളമ്പരം നടന്നത് 1936 നവംബര്‍ 16 നാണ്. ക്ഷേത്രങ്ങളില്‍ എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല. ആ നാളുകളില്‍ കേരളത്തില്‍ നടമാടിയത് സവര്‍ണ്ണ മേധാവിത്വത്തിന്‍റെ തേരോട്ടമായിരിന്നു. ആര്യന്മാരുടെ വരവിന് മുന്‍പ് തെക്കേ ഇന്ത്യയില്‍ ദ്രാവിഡന്മാരുടെ ദേശമായ ഭാരതം ഒരു സമ്പന്ന സംസ്ക്കാരത്തിന്‍റെ ഉറവിടമായിരിന്നു. സിന്ധു നദീതട സംസ്ക്കാരത്തെ ഹിന്ദുവെന്നാണ് വിളിച്ചത്. ആ സാംസ്ക്കാരിക പ്രൗഢിക്ക് കോട്ടം വരുത്തുന്ന വിധത്തിലാണ് എന്‍റെ നാടായ താമരക്കുളമടക്കം ചില വര്‍ഗ്ഗീയ പാര്‍ട്ടികള്‍ മുന്‍പ് അടിച്ചു പുറത്താക്കിയവരെ (ഈഴവരടക്കം) ഒപ്പം കൂട്ടി ഹിന്ദു എന്ന പേരില്‍ വോട്ടു പെട്ടി നിറച്ചു് അധികാരത്തിലേറുന്നത്. അതിന്‍റെ അവശിഷ്ടമാണ് മലപ്പുറത്ത് കണ്ട കാഴ്ച്ച. ഇവര്‍ ആവരണമാക്കിയെടുക്കുന്നത് ഹിന്ദു എന്ന പോലെ ഇസ്ലാം നിയമങ്ങളാണ്. ഈ കൂട്ടരെ സവര്‍ണ്ണ യാഥാസ്ഥിതികര്‍ എന്നാണ് വിളിക്കേണ്ടത്. ഉപരിവര്‍ഗ്ഗത്തിന്‍റെ താല്പര്യത്തിന് വേണ്ടി മതപണ്ഡിതന്മാരെ രാഷ്ട്രീയക്കാര്‍ ഉപകരണങ്ങളാക്കുന്നു. വോട്ടിന് വേണ്ടി മേധാവികളുടെ വീട്ടില്‍ കയറിയിറങ്ങി അനുഗ്രഹം തേടുന്നു. ജനാധിപത്യവും നാണിക്കുന്ന കാഴ്ചകള്‍. ഇതൊന്നും സാമൂഹ്യവളര്‍ച്ചയുടെപ്രതിഫലനമല്ല അതിലുപരി മതത്തിന്‍റെ മേല്‍ക്കോയിമയാണ്. ഒരു മതത്തിന്‍റെ കോട്ടക്കുള്ളില്‍ സ്ത്രീകളെ ബന്ധിക്കുന്ന പല അനുഭവങ്ങളും നമ്മുടെ മുന്നിലുണ്ട്. സ്ത്രീ പുരുഷ സമത്വം സ്വാതന്ത്ര്യം വെറും വാക്കുകളില്‍ ചുരുങ്ങുന്നു. മതങ്ങളുടെ വിശ്വരൂപം തെളിഞ്ഞുവരുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ വിശ്വാസങ്ങളെ മുറുകെപ്പിടിക്കുമ്പോള്‍ നമ്മള്‍ മതങ്ങളെ മാറോട് ചേര്‍ക്കുന്നു. ഇവര്‍ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്.?
ഞാന്‍ സൗദി അറേബ്യയില്‍ ഉണ്ടായിരുന്ന കാലം വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ആഫ്രിക്കയുടെ കലാസാഹിത്യ വിഭാഗം ചെയര്‍മാനായിരിന്നു. ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.സി. സെബെസ്റ്റിന്‍, അബുദുള്ള മഞ്ചേരി, ജോയി ആന്‍റണി തുടങ്ങിയവര്‍ പ്രധാന പദവികള്‍ വഹിച്ചിരിന്നു. കൗണ്‍സില്‍ വാര്‍ഷിക പരിപാടി ദമ്മാം സിറ്റിയില്‍ നടത്താന്‍ സാധിക്കാതെ അല്‍ ജുബൈയിലുള്ള ഒരു കുഗ്രാമത്തിലാണ് നടത്തിയത്. (വീഡിയോ എന്‍റെ യൂട്യൂബ് ചാനലിലുണ്ട്). അതിന്‍റെ കാരണം മതപണ്ഡിതരെ ഭയന്നാണ് ദമ്മാമില്‍ നിന്ന് അല്‍ ജൂബൈയിലേക്ക് മാറ്റിയത്. പെണ്‍കുട്ടികള്‍, സ്ത്രീകള്‍ക്ക് വേദിയില്‍ കയറാന്‍ ഭയമായിരിന്നു. മത പണ്ഡിതര്‍ പിടിച്ചാല്‍ ജയിലില്‍ പോകേണ്ടിവരുമെന്ന ഭയം. 2022-ല്‍ മലപ്പുറത്ത് നടന്നതും 2000-ത്തില്‍ അല്‍ജുബൈലില്‍ നടന്നതും ഞാനൊന്ന് ഓര്‍ത്തുപോയി. കേരളം സൗദി അറേബ്യയല്ല. പ്രബുദ്ധ കേരളം, ദൈവത്തിന്‍റെ നാട് എന്നൊക്കെ അഭിമാനിക്കുമ്പോള്‍ നമ്മുടെ സ്ത്രീ സമൂഹമനുഭവിക്കുന്ന ദുഃഖദുരിതങ്ങള്‍ കാണാതെയിരിക്കരുത്.
സൗദിയില്‍ മറ്റ് മതസ്ഥര്‍ക്ക് ആരാധന നടത്താന്‍ അനുവാദമില്ലായിരുന്നു. 2002-ല്‍ ദൂരദര്‍ശന്‍ എന്നെ ഇന്‍റര്‍വ്യൂ ചെയ്തപ്പോള്‍ ഞാന്‍ പറയുന്ന ഒരു കാര്യമുണ്ട്. കഴിവതും സൗദി അറേബ്യയിലേക്ക് പോകാതിരിക്കുക (അതും എന്‍റെ യൂട്യൂബ് ചാനലിലുണ്ട്). അന്ന് സൗദി ഓയില്‍ കമ്പനി (അരാംകൊ) യുടെ നേതൃത്വം ബ്രിട്ടീഷ് അമേരിക്കന്‍ പൗരന്മാരുടെ കൈയ്യിലായിരിന്നു. അവര്‍ പാര്‍ക്കുന്ന ദഹ്റാനിലെ താമസസ്ഥലത്തു മാത്രമാണ് സ്ത്രീകള്‍ക്ക് കാറോടിക്കാന്‍ അനുവാദമുള്ളു. ഇപ്പോള്‍ തെരുവീഥികളില്‍ സ്ത്രീകള്‍ക്ക് കാറോടിക്കാം. വിദ്യാഭ്യാസ രംഗങ്ങളിലും അവര്‍ മുന്നേറുന്നു. സ്ത്രീകളുടെ അമേരിക്കന്‍ ഗുസ്തി മത്സരം വരെ നടക്കുന്നു. പഴയ ജീര്‍ണ്ണ സംസ്ക്കാരം മാറി വരുന്നതിന്‍റെ തെളിവാണ്. കാലം മാറുമ്പോള്‍ മതമല്ല മാറേണ്ടത് മനുഷ്യരല്ലേ?
ഏത് മതമായാലും സ്ത്രീകളെ ഒറ്റപ്പെടുത്തുന്നത്, അപമാനിക്കുന്നത് ആ മതത്തിന്‍റെ അരാജകത്വമാണ് വെളിപ്പെടുത്തുന്നത്. ഈ ജീര്‍ണ്ണ സംസ്ക്കാരം നിലനിര്‍ത്താന്‍ നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീകളെ ബലിയാടാക്കി മതപണ്ഡിതര്‍ക്ക് കുട പിടിക്കരുത്. വിശ്വാസികള്‍ തീറ്റി പോറ്റുന്ന ജാതിമത മേലാളന്മാരെ വിവേകമുള്ളവര്‍ അന്ധകാരത്തിന്‍റെ കാരാഗൃഹത്തില്‍ നിന്ന് മോചിപ്പിക്കുകയാണ് വേണ്ടത്. മതങ്ങളുടെ മേല്‍ മറിഞ്ഞുവീഴുന്ന കീടങ്ങളല്ല അറിവുള്ള മനുഷ്യര്‍. അറിവുള്ള പുരുഷന്‍ സ്ത്രീകളോട് മാന്യത പുലര്‍ത്താറുണ്ട്. സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന തീവ്ര സമീപന രീതികളെ പൊട്ടിച്ചെറിയാനാണ് ആത്മധൈര്യമുള്ള പുരുഷന്മാര്‍ ചെയ്യേണ്ടത്. മുഹമ്മദ് നബി ഒരിക്കല്‍ പോലും സ്ത്രീകളെ അപമാനിച്ചിരുന്നില്ല. എന്‍റെ 1992-ല്‍ വിദ്യാര്‍ത്ഥിമിത്രമിറക്കിയ ‘കാലത്തിന്‍റെ ചിറകുകള്‍ (സൗദിയുടെ മണ്ണില്‍’) എന്ന പുസ്തകത്തില്‍ അത് രേഖപ്പെടുത്തിയിട്ടുണ്ട്. അതല്ലെങ്കില്‍ എന്‍റെ യാത്രാവിവരണം ‘കാറ്റില്‍ പറക്കുന്ന പന്തുകള്‍’ സ്പെയിന്‍ യാത്രാ വിവരണത്തില്‍ (കെ.പി. ആമസോണ്‍ പബ്ലിക്കേഷന്‍) പത്താം നൂറ്റാണ്ടിന് മുന്‍പ് ഇറാക്ക് ബാഗ്ദാദ് അബ്ബാസി കുടുംബത്തിലെ ഏറ്റവും ബുദ്ധിമാനായ ഖലീഫയും സ്പെയിനിലെ ടോളിഡോ ഭരണാധികാരിയും ഗണിതശാസ്ത്രകാരനുമായിരുന്ന അല്‍-മഅമൂന്‍ ഇസ്ലാം സാമൂഹ്യ വ്യവസ്ഥിതിയില്‍ സ്ത്രീ വിദ്യാഭ്യാസത്തെപ്പറ്റി, സ്ത്രീകളോട് കാട്ടേണ്ട സാമാന്യ മര്യാദകളെപ്പറ്റി പറയുന്നുണ്ട്. ഏത് മതവിശ്വാസിയായാലും പൗരാവകാശം ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ സ്ത്രീ പുരുഷ തുല്യ നീതിയാണ്. അവിടെ മത തീവൃത വളര്‍ത്തി മലയാളിയെ മലിനപ്പെടുത്തരുത്.
മതപണ്ഡിതര്‍ക്ക് ഈ പെണ്‍കുട്ടിയെ അപമാനിച്ചതിന് ഒരു കുറ്റബോധവും തോന്നിയിട്ടില്ല. സമ്പന്ന സംസ്ക്കാരത്തില്‍ ജീവിക്കുന്നവരെന്ന് അവകാശപ്പെടുന്നവരുടെ നാട്ടില്‍ നിന്ന് വിദേശ മലയാളികള്‍ ഇതൊട്ടും പ്രതിക്ഷിക്കുന്നില്ല. ഏത് മതത്തില്‍ വിശ്വസിക്കുന്ന പണ്ഡിതനായാലും മറ്റുള്ളവരുടെ മുന്നില്‍ അറപ്പും വെറുപ്പുമല്ല കാട്ടേണ്ടത്, സ്ത്രീ പുരുഷതുല്യ നീതിയാണ് നടപ്പാക്കേണ്ടത്. അവരിലാണ് തെളിച്ചവും തിളക്കവുമുള്ളത്. മതത്തിലെ സവര്‍ണ്ണ യാഥാസ്ഥിതികരായിട്ടുള്ളവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ രക്ഷാകവചമായി വരുന്നത് ആത്മീയ തേജസ്സ് ഉയര്‍ത്തിപ്പിടിക്കാനല്ല വോട്ടുപെട്ടി നിറക്കാനും അധികാരം അരക്കിട്ടുറപ്പിക്കാനുമാണ്. ഇവരില്‍ ചിലരുടെ പ്രസ്താവനകള്‍ കേട്ടാല്‍ വിദ്യാഭ്യാസമടക്കം വാക്കുകൊണ്ട് കോണകമുടുപ്പിക്കുന്നതു പോലെ തോന്നും. മുഹമ്മദ് നബിയുടെ കാലം മുതല്‍ ഒടുവില്‍ ഇന്ത്യയുടെ ബ്രിട്ടീഷ് ഗവര്‍ണ്ണറായിരുന്ന വാറന്‍ ഹേസ്റ്റിഗ്സ് (1772-1785) വരെ മുസ്ലിം പെണ്‍കുട്ടികളെ വിദ്യാഭ്യാസ രംഗത്തേക്ക് കൊണ്ടുവന്നിട്ടുണ്ട്. അത് കാലാകാലങ്ങളിലായി തുടരുന്ന പ്രക്രിയയാണ്. സ്ത്രീകളെ അപമാനിക്കുന്നവര്‍ അറിയേണ്ടത് മത വിശ്വാസമല്ല വലുത് വിജ്ഞാനമാണ്. കന്യകമാര്‍ പ്രഭാത കിരണങ്ങള്‍ പോലെ പ്രകാശിക്കുന്നവരാണ്. അവരോട് കാട്ടേണ്ട ഔന്നത്യബോധം ആരും പഠിപ്പിച്ചു തരേണ്ടതില്ല. മതങ്ങള്‍ പഠിപ്പിക്കേണ്ടത് ആത്മീയ മൂല്യങ്ങളാണ് അല്ലാതെ വ്യക്തിപരമായ വളര്‍ച്ചയും രാഷ്ട്രീയത്തിന്‍റെ ഭീകരമായ സാധ്യതകളുമല്ല പഠിപ്പിക്കേണ്ടത്. ഈ തിരിച്ചറിവ് നഷ്ടപ്പെടുന്നതുകൊണ്ടാണ് ആത്മീയ സാഫല്യത്തേക്കാള്‍ ആത്മീയ ദുരന്തങ്ങള്‍ കാണാന്‍ ഇടവരുന്നത്.
പാശ്ചാത്യ രാജ്യങ്ങളിലെ സ്ത്രീകള്‍ അനുഭവിക്കുന്നത് സ്വാതന്ത്ര്യവും തുല്യ നീതിയുമാണ്. നോട്ടം കൊണ്ടോ വാക്കുകൊണ്ടോ ആരും സ്ത്രീകളുടെ മനസ്സിനെ മുറിപ്പെടുത്തുന്നില്ല. അഥവാ അങ്ങനെ സംഭവിച്ചാല്‍ കരണത്തടി ഉറപ്പാണ്. ബാക്കി ജയിലിലും കിട്ടും. ഈ വിഷയത്തില്‍ നമ്മുടെ നിയമങ്ങള്‍ കര്‍ക്കശ നിലപാടുകള്‍ സ്വീകരിക്കാതെ സ്ത്രീകള്‍ രക്ഷപെടില്ല. ഇന്ത്യന്‍ സ്ത്രീകളനുഭവിക്കുന്ന മാനസിക-ശാരീരിക പീഡനങ്ങള്‍ വിദേശ വനിതകള്‍ അനുഭവിക്കുന്നില്ല. അതിന്‍റെ പ്രധാന കാരണം അവരൊന്നും അന്ധമായ മതവിശ്വാസങ്ങള്‍ക്ക് അടിമകളല്ല. സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയെന്നാല്‍ പൗരഷത്തിനേല്‍ക്കുന്ന അപമാനമാണ്. മതപണ്ഡിതര്‍ പൊതുവേ സാങ്കേതിക വിദ്യയില്‍ പിന്നോക്കം നില്‍ക്കുന്നവരാണ്. എന്നിരുന്നാലും കാലത്തിനനുസരിച്ചുള്ള മാറ്റത്തിന് വിധേയപ്പെടണം. നമ്മുടെ കുട്ടികള്‍ ഭയഭീതിയില്ലാത്ത യഥാര്‍ത്ഥ ആത്മദര്‍ശനത്തിന്‍റെ വഴികളാണ് വീട്ടിലും വേദിയിലും പഠിക്കേണ്ടത്. ഗവര്‍ണ്ണര്‍ പറഞ്ഞതുപോലെ ദുഃഖത്തിന്‍റെ തീച്ചൂളയിലേക്ക് സ്ത്രീകളെ തള്ളിവിടുന്നവര്‍ക്കെതിരെ ശക്തമായ നിലപാടുകളും നിയമങ്ങളുമുണ്ടാകണം. കേരളത്തിലെ സ്ത്രീകള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ സര്‍ക്കാര്‍ കാണാതിരിക്കരുത്.