ഫോമയുടെ 2022-2024 കാലത്തേക്കുള്ള ഭരണ സമിതിയിലേക്ക് ഞാൻ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്ന വിവരം ഇതിനോടകം അറിഞ്ഞു കാണുമല്ലോ? താങ്കളുടെ എല്ലാ അനുഗ്രഹവും, സഹകരണവും ഉണ്ടാകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.
ഫോമയുടെ ഔദ്യോഗിക പദവിയിലേക്ക് മത്സരിക്കുന്ന ഒരു വനിതാ സ്ഥാനാർത്ഥിയെന്ന എന്ന നിലയിൽ വനിതാ ശാക്തീകരണത്തിനു കരുത്തു പകരുന്നുവെന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.
അധികാര സ്ഥാനങ്ങളിലെ വനിതകളുടെ, പ്രത്യേകിച്ച് കേരള സ്ത്രീയുടെ അഭാവം ഏറ്റവും പ്രകടമാണ്. വിവിധ പ്രവാസി സംഘടനകൾ പരിശോധിച്ചാൽ നമുക്കിത് വ്യക്തമായി കാണാൻ കഴിയും. എന്നാൽ ഫോമയിൽ സ്ത്രീകൾക്ക് അർഹിക്കുന്ന പ്രാധാന്യവും, പരിഗണനയും നല്കിയിരുന്നുവെന്ന് നമുക്ക് കാണാൻ കഴിയും. മത്സര രംഗത്തേക്ക് വരുന്ന സ്ത്രീകളെ പൊതുയിടങ്ങളിൽ ഉൾപ്പടെ ഭീഷണിപ്പെടുത്തി പിൻമാറ്റുന്ന ചരിത്രം നമുക്ക് മുൻപിലുണ്ട് എന്നത് ഞാൻ മറക്കുന്നില്ല. നമുക്ക് വേണ്ടത് സ്ത്രീയും പുരുഷനും തുല്യമായി ബഹുമാനിക്കപ്പെടുന്ന, ഭീഷണികൊണ്ടും, മോശം വാക്കുകളുടെ ഉപയോഗം കൊണ്ടും ഒരു പ്രവർത്തകനെയോ, വനിതയെയോ മലിനമാക്കപ്പെടാൻ ആഗ്രഹിക്കാത്ത ഒരു നേതൃത്വമാണ്. ശ്രീ ഡോക്ടർ ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിയെന്ന നിലയിൽ എനിക്ക് തുല്യ ബഹുമാനവും, സുതാര്യതയും, എല്ലാവരെയും കേൾക്കുകയും, നീതിപൂർവകവുമായ പ്രവർത്തനവും ഉറപ്പു നൽകാൻ കഴിയും.
നമുക്ക് നമ്മുടെ ഭൂതകാലം മറക്കാനാവുകയില്ല. കേരളത്തിൽ നിന്നുള്ള ഭൂരിഭാഗം കുടിയേറ്റക്കാരും ആതുര ശുശ്രൂഷ രംഗത്ത് ജോലി തേടി വന്നവരോ അവരോടൊപ്പം വന്നവരോ ആണ്. നമ്മുടെ ജീവിത നിലവാരം ഉയർത്തുന്നതിനും മുന്തിയ ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിനും അവർ നൽകിയ സംഭാവന നമുക്ക് വിസ്മരിക്കാൻ കഴിയില്ല. അവരെ ഈ അവസരത്തിൽ ഞാൻ ഓർക്കാൻ ആഗ്രഹിക്കുന്നു.കോവിഡ് മഹാമാരിയുടെ കാലത്തും ഏറ്റവും സ്തുത്യർഹ്യമായ സേവനം അനുഷ്ടിച്ചവരാണ് അവർ. ചരിത്ര വനിതകളായി രേഖപ്പെടുത്തപ്പെട്ടവർ ഉൾപ്പടെ സാമൂഹ്യ രംഗത്തേക്ക് സേവനത്തിനായി സമയം കണ്ടെത്തി ഈ നാടിനും, സമൂഹത്തിനും ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്തുകൊണ്ട് കയ്യൊപ്പ് ചാർത്താൻ ശ്രമിക്കണമെന്നാണ് എനിക്ക് അവരോട് അഭ്യർത്ഥിക്കാനുള്ളത്.
സ്ത്രീകൾ ബഹുമുഖ പ്രതിഭകളാണ് . അംഗ സംഘടനകളുടെ പരിപാടികളിൽ ഏറ്റവും കൂടുതൽ പ്രാതിനിധ്യം നൽകുന്നത് അവരാണ്. അംഗ സംഘടനകളിലും വനിതകൾ ഭാരവാഹികളായി സമൂഹത്തെ നയിക്കാൻ മുന്നിട്ടിറങ്ങണം. സംഘടനാ പരിപാടികൾ അതുവഴി കുടുബ സംഗമങ്ങളായി മാറുന്നിടത്താണ് സ്നേഹവും, സാഹോദര്യവും, പരസ്പര സഹവർത്തിത്വവും ഉണ്ടാകുന്നത്.
1995 ൽ ബീജിങ്ങിൽ നടന്ന ലോക രാഷ്ട്രങ്ങളുടെ സമ്മേളനത്തിലാണ് സ്ത്രീകൾക്ക് ഭരണ പങ്കാളിത്തത്തിലുള്ള അനിവാര്യതയെ കുറിച്ച് ആദ്യമായി ചർച്ച ചെയ്തത് എങ്കിലും അതിനും എത്രയോ മുൻപ് തന്നെ ഇന്ത്യയിൽ, പ്രത്യേകിച്ചും കേരളത്തിൽ സ്ത്രീ സംവരണം നടപ്പിലാക്കിയിരുന്നുവെന്നത് നമ്മൾ സ്ത്രീകൾക്ക് നൽകുന്ന പരിഗണനയെ എടുത്തുകാണിക്കുന്നുണ്ട്. പാർശ്വവത്കരിക്കപ്പെട്ടവർ എന്ന മുദ്രകുത്തലിൽ നിന്ന് രാഷ്‌ടീയത്തിന്റെ മുഖ്യധാരയിലേക്ക് വനിതകൾ ധീരമായ ചുവട് വെപ്പാണ് നടത്തിയത്. സ്ത്രീ ശാക്തീകരണം ഒരു സമൂഹത്തിന്റെ വികസനത്തിനുതകുന്ന മാനവ വിഭവശേഷിയുടെ വളർച്ചയുടെയും പുരോഗതിയുടെയും മാനദണ്ഡങ്ങളും, അളവുകോലുമാകുന്ന കാലത്താണ് സമൂഹം അതിന്റെ പൂര്ണതയിലെത്തുക. സാമൂഹ്യ പരിവർത്തനത്തിൽ സ്ത്രീകൾക്കുള്ള പങ്ക് അതുകൊണ്ടു തന്നെ നിർണ്ണായകവും പ്രാധാന്യമർഹിക്കുന്നതുമാണ് .
പേരക്കിടാങ്ങൾക്കും അടുക്കളയിലുമായി എരിഞ്ഞു തീരാൻ മാത്രമുള്ളതല്ല മധ്യവയസ്കരായ സ്ത്രീകളുടെ ജീവിതങ്ങൾ. അവർക്ക് ദിശാബോധം നൽകിയ മയൂഖം പോലുള്ള പരിപാടികളാണ് ഫോമയെ വേറിട്ട് നിർത്തുന്നത്. ഒരു വർഷക്കാലം നീണ്ടു നിന്ന മയൂഖം പരിപാടി സംഘടിപ്പിച്ച ലാലി കളപ്പുരക്കൽ, ജാസ്മിൻ പരോൾ, ഷൈനി അബൂബക്കർ, ജൂബി വള്ളിക്കളം, ഫോമയുടെ പന്ത്രണ്ടു മേഖലകളിലായി അഹോരാത്രം ജോലിയെടുത്ത ഫോമയുടെ വനിതാ പ്രവർത്തകരും നേതാക്കന്മാരും പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. ഫോമയിൽ സ്ത്രീകൾക്ക് നൽകുന്ന പരിഗണന മയൂഖവും അതിന്റെ പിന്നിലെ പ്രവർത്തകരെയും, നമുക്ക് കാണിച്ചു തരുന്നുണ്ട്. എന്നാൽ മയൂഖത്തിന്റെ കിരീടധാരണ വേദിയിൽ സ്ത്രീകളെ അപമാനിക്കുകയും, അധിക്ഷേപിക്കുകയും ചെയ്യാനിടയായ സംഭവങ്ങൾ ദുഃഖകരവും പ്രതിക്ഷേധാർഹവുമാണ് എന്ന് പറയാതിരിക്കാൻ വയ്യ. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവർ ഫോമയെ പോലെ സ്ത്രീകളെ ബഹുമാനിക്കുകയും, അവസരങ്ങൾ നൽകുകയും ചെയ്യുന്ന സംഘടനാ തലപ്പത്തേക്ക് വരുന്നതിനെ തടയേണ്ടതും നാം ഗൗരവമായി ചിന്തിക്കണം..
വീട്ടമ്മവല്‍ക്കരണവും ,പൊതുയിടങ്ങളിൽ സ്ത്രീകളെ അപമാനിക്കുകയും ചെയ്യുന്ന സംസ്കാരമല്ല നമുക്ക് വേണ്ടത്. സാമൂഹ്യ ശാക്തീകരണം ശക്തി പ്രാപിക്കുന്നതും അതിന്റെ മൂല്യം വർധിക്കുന്നതും, സ്ത്രീ ശാക്തീകരണത്തിലൂടെയാണ്. സാമൂഹ്യ ശാക്തീകരണം എന്നത് പുരുഷൻ ഒരു സ്ത്രീക്ക് നൽകുന്ന സർവ്വ വിധമായ പിന്തുണയിൽ നിന്ന് സ്ത്രീ കുടുംബത്തിലും സമൂഹത്തിലും ഉന്നതിയിലെത്തുമ്പോഴാണ്. ഓരോ പുരുഷന്റെയും വിജയത്തിൽ ഒരു സ്ത്രീക്ക് പങ്കുള്ളത് പോലെ, ഓരോ സ്ത്രീയുടെ വിജയത്തിന് പിന്നിലും ഓരോ പുരുഷന്റെയും കയ്യൊപ്പും അടയാളവുമുണ്ട്. അത് ഫോമയുടെ ചരിത്രത്തിലും ഉണ്ട്.
ലോക രാഷ്ട്രങ്ങൾ ലിംഗ നീതിയും, തുല്യതയുമാണ് അധികാര രാഷ്‌ടീയത്തിൽ സ്ത്രീകളുടെ പങ്കിനെ കുറിച്ച് വിവക്ഷിക്കുമ്പോൾ ഊന്നി പറയുന്നത്. പ്രത്യേകിച്ചും, കാരുണ്യ-ജനസേവന പദ്ധതികളിൽ അവർ ഭാഗഭാക്കാകുമ്പോൾ, സമൂഹത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിയാൻ അത് സഹായകരമാകുന്നു. പ്രശസ്ത സാമൂഹ്യ ശാസ്‌ത്രജ്‌ഞനായ മിഷേൽ ഫൂക്കോയുടെ കാഴ്ചപ്പാടിൽ അറിവിന്റെ ഉത്പാദനമാണ് അധികാരം. സ്ത്രീകളെ അറിവിന്റെ പാതയിലേക്ക് നയിക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വവും, കടമയുമാണെന്ന് ഞാൻ വിശ്വസിക്കുന്നു. കേരളത്തിൽ വികസന പ്രവർത്തങ്ങളിൽ സ്ത്രീകൾ കാര്യമായ പങ്ക് നിർവഹിക്കുന്നുണ്ട്.എന്നാൽ പോലും മുഖ്യധാരാ പ്രവർത്തനങ്ങളിൽ ഗണ്യമായ പുരോഗതി ഇനിയുമുണ്ടാകേണ്ടതുണ്ട്.
ഫോമയെ പോലുള്ള വലിയ പ്രവാസി സംഘടനകൾ കേരളത്തിൽ കൂടുതൽ കർമ്മ പദ്ധതികൾ നടപ്പിലാക്കുമ്പോൾ സ്ത്രീ പ്രതിനിധികളെന്ന നിലയിൽ കൂടുതൽ ഇടപെടലുകൾ നമുക്ക് നടത്താൻ കഴിയും. കഴിയണം.
നമുക്ക് വേണ്ടത് സ്ത്രീകളെ ബഹുമാനിക്കുകയും, പ്രവർത്തനങ്ങളിൽ കൂടെ ചേർത്ത് നിർത്താൻ കഴിയുന്ന നേതൃത്വവുമാണ്. ശ്രീ ഡോക്ഗർ ജേക്കബ് തോമസിന്റെ നേതൃത്വത്തിലുള്ള സ്ഥാനാർത്ഥികൾ അതിന് പ്രാപ്തരും കഴിവും തെളിയിച്ച സാരഥികളാണ്. എന്റെ സ്ഥാനാർത്ഥിത്വം സ്തീകൾക്ക് നൽകുന്ന ആദരവിനെ എടുത്തു കാണിക്കുന്നുവെന്ന് പറയാനും ഞാൻ ആഗ്രഹിക്കുന്നു.
ആസന്നമായ ഫോമാ നിർവ്വഹണ സമിതിയിലേക്കുള്ള തെരെഞ്ഞടുപ്പിൽ ഞങ്ങളോടൊപ്പം നിലകൊണ്ടു, എന്നെയും, ഡോക്ടർ ജേക്കബ് തോമസ്, ഓജസ് ജോൺ, ബിജു തോണിക്കടവിൽ, സണ്ണി വള്ളിക്കളം, ജെയിംസ് ജോർജ്ജ് എന്നവരെയും വിജയിപ്പിച്ചു ഫോമയെ ശക്തിപ്പെടുത്താനും മാറ്റത്തിന്റെ കാവലാളാകാനും ഞാൻ അഭ്യർത്ഥിക്കുന്നു.