ഹ്യൂസ്റ്റൺ: ആറു രാജ്യങ്ങളിൽ നിന്നായി പതിനെട്ടു ടീമുകൾ പങ്കെടുക്കുന്ന വടംവലി എന്ന കായിക വിനോദ ചരിത്രത്തിലെ തന്നെ ഒരു പുതിയ അദ്ധ്യായം മെയ് 29നു ഹൂസ്റ്റണിലെ ക്‌നാനായ സെന്ററിൽ അരങ്ങേറുന്നു.
കുവൈറ്റ്, ദുബായ്, ഖത്തർ, ജർമ്മനി, കാനഡ തുടങ്ങി ആറോളം രാജ്യങ്ങളിൽ നിന്നും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി പതിനെട്ടോളം ടീമുകൾ ആണ് പങ്കെടുക്കുക. വിജയികൾക്ക് വമ്പൻ സമ്മാനങ്ങളാണ് നൽകുന്നതെന്ന് സംഘാടകർ അറിയിച്ചു. ഒന്നാം സമ്മാനം 5,000 ഡോളർ, രണ്ടാം സമ്മാനം 3,000 ഡോളർ, മൂന്നാം സമ്മാനം 1,500 ഡോളർ കൂടാതെ മറ്റു നിരവധി സമ്മാനങ്ങളും ലഭിക്കും.
ഹ്യൂസ്റ്റൺ ഫ്രൈഡേ ക്ലബ് ആണ് സംഘാടകർ. ചാക്കോച്ചൻ മേടയിൽ, എൽവിസ് ആനക്കല്ലുമലയിൽ എന്നിവരാണ് ടൂർണമെന്റ് കൺവീനര്‍മാര്‍. മെയ് 29 ഞായറാഴ്ച 11 മണിക്ക് മിസ്സോറി സിറ്റിയിലെ ക്നാനായ സെന്ററിലാണ് മത്സരം നടക്കുക.
സൈമൺ കൈതമറ്റത്തിൽ, ജോസഫ് കൈതമറ്റത്തിൽ, അമൽ പുതിയപറമ്പിൽ, വെതർ കൂൾ ആൻഡ് ഹീറ്റിംഗ് എന്നിവരാണ് ക്യാഷ് പ്രൈസുകൾ സ്പോൺസർ ചെയ്തിരിക്കുന്നത്. ജൂബി ചക്കുങ്കല്‍, ബർസെൽസ് ഗ്രൂപ് ടെക്സാസ്, എൻ സി എസ് പോയിന്റ് ഓഫ് സെയ്ൽ എന്നിവർ ട്രോഫികൾ സ്പോൺസർ ചെയ്യും. ടീമുകൾക്ക് ഇനിയും രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട് എന്നും സംഘാടകർ അറിയിച്ചു.