കെയ്‌റോ : അൽ-ഖനാറ്റർ വനിതാ ജയിലിൽ കഴിയുന്ന ബ്രദർഹുഡിന്റെ ഡെപ്യൂട്ടി ഗൈഡ് ഖൈറത്ത് അൽ-ഷാറ്ററിന്റെ മകൾ ഐഷ അൽ-ഷാതറിന്റെ ആരോഗ്യനില മോശമായതായി ഈജിപ്ഷ്യൻ മനുഷ്യാവകാശ സംഘടനകൾ അറിയിച്ചു.
ഈജിപ്ഷ്യൻ നെറ്റ്‌വർക്ക് ഫോർ ഹ്യൂമൻ റൈറ്റ്‌സ് (ENHR) വെളിപ്പെടുത്തിയ റിപ്പോർട്ട് അനുസരിച്ച്, അസ്ഥിമജ്ജ പരാജയം പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഐഷ അനുഭവിക്കുന്നുണ്ട്, ഇത് പ്ലേറ്റ്‌ലെറ്റുകളും ചുവന്ന രക്താണുക്കളും ഉൾപ്പെടെയുള്ള രക്തകോശങ്ങളുടെ കുറവിലേക്ക് നയിച്ചു.
അവരെ മോചിപ്പിക്കണമെന്ന് മനുഷ്യാവകാശ സംഘടന ഈജിപ്ഷ്യൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈജിപ്ഷ്യൻ നിയമം അനുശാസിക്കുന്ന രണ്ട് വർഷത്തെ വിചാരണയ്ക്ക് മുമ്പുള്ള തടങ്കൽ കാലയളവ് കവിഞ്ഞെങ്കിലും, വഷളായ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജാമ്യത്തിനായി അപേക്ഷിച്ചിട്ടും അവരെ വിട്ടയച്ചിട്ടില്ല.
കഴിഞ്ഞ കോടതി സെഷനിൽ, ഹെമറ്റോളജിസ്റ്റുകളുടെയും ഓങ്കോളജിസ്റ്റുകളുടെയും ചികിത്സയ്ക്ക് ഐഷയെ അനുവദിക്കാൻ എമർജൻസി സ്റ്റേറ്റ് സെക്യൂരിറ്റി കോടതി തീരുമാനിച്ചു.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ കോടതി സെഷനിൽ അൽ-ഷാറ്റർ വിളറി വെളുത്ത് അസുഖബാധിതയായി കാണപ്പെട്ടു. ഇത് അറസ്റ്റിന് മുമ്പ് അവര്‍ എങ്ങനെയായിരുന്നുവെന്ന് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് വഴിവെച്ചു.
ആവശ്യമായ വൈദ്യസഹായം നൽകിയില്ലെങ്കിൽ ജയിലിൽ മരിക്കേണ്ടിവരുമെന്ന് മനുഷ്യാവകാശ സംഘടനകൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനും സാമ്പത്തിക സഹായം സ്വീകരിക്കുന്നതിനും ഒരു തീവ്രവാദി സംഘത്തിൽ പങ്കുചേര്‍ന്നു എന്നാരോപിച്ച് നവംബർ ഒന്നിന് കെയ്‌റോയുടെ കിഴക്കുള്ള നാസർ സിറ്റിയിലെ വീട്ടിൽ നിന്ന് ഐഷ അൽ-ഷാറ്ററിനെയും അവരുടെ ഭർത്താവ് മനുഷ്യാവകാശ അഭിഭാഷകൻ മുഹമ്മദ് അബു ഹുറൈറയെയും ഈജിപ്ഷ്യൻ അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. തീവ്രവാദ ഉദ്ദേശ്യം, തീവ്രവാദ കുറ്റകൃത്യം ചെയ്യാൻ ഉദ്ദേശിച്ചുള്ള ഒരു ക്രിമിനൽ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കല്‍ എന്നിവയായിരുന്നു ഇവരുടെ പേരില്‍ ആരോപിച്ചിരിക്കുന്ന കുറ്റം.
2018 നവംബർ 1 ന് അറസ്റ്റിലായതിന് ശേഷം അൽ-ഷാറ്റർ നിരവധി തരത്തിലുള്ള ഗുരുതരമായ ലംഘനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടന പറഞ്ഞു. ഒരു വർഷത്തിലേറെയായി അവരെ ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുകയാണ്.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സിവിലിയൻ പ്രസിഡന്റായ അന്തരിച്ച മുഹമ്മദ് മുർസിക്കെതിരായ അട്ടിമറിക്ക് ശേഷം, 2013 ൽ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി അധികാരമേറ്റതിനുശേഷം തടവിലാക്കപ്പെട്ട 60,000 രാഷ്ട്രീയ തടവുകാരിൽ ഒരാളാണ് ഷാറ്റർ.