ചിക്കാഗോ: അമേരിക്കയില്‍ അറിയപ്പെടുന്ന വനിതാ നേതാവും സാമൂഹ്യപ്രവര്‍ത്തകയുമായ മറിയാമ്മ പിള്ള അന്തരിച്ചു. ഫൊക്കാന മുന്‍ പ്രസിഡന്റായിരുന്നു.
അമേരിക്കന്‍ മലയാളി സമൂഹത്തില്‍ മാത്രമല്ല, ചിക്കാഗോയിലെ ഇന്ത്യന്‍ സമൂഹത്തില്‍ തനതായ പ്രവര്‍ത്തന മികവിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു മറിയാമ്മ പിള്ള.
ചിക്കാഗോയിലെത്തുന്ന ഏതൊരു മലയാളിക്കും തൊഴില്‍ നേടുന്നതിന് മറിയാമ്മ പിള്ളയുടെ സഹായഹസ്തം എപ്പോഴുമുണ്ടായിരിക്കും എന്ന് അവരുമായി പരിചയപ്പെടുന്ന ആര്‍ക്കും മനസ്സിലാകും. അങ്ങനെ മലയാളികള്‍ക്ക് തൊഴില്‍ നേടുന്നതിന് സഹായിച്ച അദ്ധ്വാനശീല എന്ന നിലയിലും ‘ഉരുക്കു വനിത’ എന്ന പേരിലും അറിയപ്പെട്ടിരുന്ന മറിയാമ്മ പിള്ള, 2012-ല്‍ ഫൊക്കാനയുടെ പ്രസിഡന്റ് പദവിയിലെത്തിയതോടെ ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി സ്‌ത്രീ ശക്തിയും തെളിയിച്ചു.
അമേരിക്കയുടെ ഇതര ഭാഗക്കാര്‍ക്ക് മറിയാമ്മ പിള്ള അപരിചിതയായിരിക്കാമെങ്കിലും ചിക്കാഗോക്കാര്‍ക്ക് അവര്‍ ചിരപരിചിതയാണ്. മലയാളി സ്‌ത്രീകള്‍ക്ക് അഭിമാനിക്കാവുന്ന വ്യക്തിത്വമാണ് മറിയാമ്മ പിള്ളയുടേതെന്ന് ചിക്കാഗോയിലെ മലയാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. പൊതുപ്രവര്‍ത്തന രംഗത്ത് മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും മത-സാമുദായിക രംഗത്തും സാംസ്‌ക്കാരിക രംഗത്തും ഒരുപോലെ ശോഭിക്കുന്ന മറിയാമ്മ പിള്ളയെപ്പോലെയുള്ള സ്‌ത്രീകള്‍ ഏത് സംഘടനകളുടെ തലപ്പത്ത് വന്നാലും ആ സംഘടന പുഷ്ടി പ്രാപിക്കുമെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു.
മറിയാമ്മ പിള്ളയുടെ സാന്ത്വനത്തിന്റെ തലോടലേല്‍ക്കാത്തവര്‍ ചുരുക്കമത്രേ. പ്രതിഫലേഛയില്ലാതെ മറ്റുള്ളവരെ സഹായിക്കുന്നവര്‍ വിരളമായ ഇക്കാലത്ത് മറിയാമ്മ പിള്ളയെപ്പോലെയുള്ള വ്യക്തികള്‍ സമൂഹത്തിന് മുതല്‍ക്കൂട്ടാണെന്ന് ഭൂരിഭാഗം പേരും വിശ്വസിക്കുന്നു.
മറിയാമ്മ പിള്ള അഭയം നല്‍കിയിട്ടുള്ള നിരവധി വ്യക്തികളും കുടുംബങ്ങളും ചിക്കാഗോയിലും അമേരിക്കയുടെ വിവിധ മേഖലകളിലുമുണ്ടെന്ന് അവരെ അടുത്തറിയാവുന്നവര്‍ പറയുന്നു. ഏകദേശം 48 വര്‍ഷങ്ങള്‍ക്കു മുന്‍പ് അമേരിക്കയിലെത്തി കഠിനപ്രയത്‌നത്തിലൂടെ തന്റെ കര്‍മ്മപാത വെട്ടിത്തെളിയിച്ച് മുന്നോട്ടു ഗമിക്കുമ്പോഴും സാമൂഹ്യസേവനം തപശ്ചര്യയാക്കി മാറ്റിയ ചിക്കോഗാക്കാരുടെ “മറിയാമ്മ ചേച്ചിയെ” അമേരിക്കന്‍ മലയാളികള്‍ എന്നെന്നും സ്മരിക്കും.
വടക്കേ അമേരിക്കയിലങ്ങോളമിങ്ങോളം വസിക്കുന്ന എല്ലാ മലയാളികളുടേയും സാമൂഹിക-സാംസ്‌ക്കാരിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ എപ്പോഴും മുന്‍നിരയിലുണ്ടാകുമെന്ന സന്ദേശമാണ് അവര്‍ എപ്പോഴും നല്‍കാറ്. 2012-ല്‍ ഫൊക്കാനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം അവരുടെ കര്‍മ്മ മണ്ഡലം വികസിച്ചു. കലാപരമായും രാഷ്ട്രീയപരമായും അടുത്ത തലമുറയെ വാര്‍ത്തെടുക്കുക എന്ന ദൗത്യമാണ് തന്റേത് എന്നാണ് അന്ന് അവര്‍ പറഞ്ഞത്. ജാതി-മത-ദേശ ചിന്തകളില്ലാതെ എല്ലാ മലയാളികളേയും ഒന്നിച്ചണിനിരത്തുകയും, അവരുടെ കൂട്ടായ പരിശ്രമങ്ങളിലൂടെ ഫൊക്കാനയ്ക്ക് നഷ്ടമായ പ്രൗഢിയും പ്രതാപവും തിരിച്ചുകൊണ്ടുവരാനുള്ള ബാധ്യതയും തന്നില്‍ അര്‍പ്പിതമായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
യുവജനങ്ങളെ നേതൃത്വനിരയിലേക്ക് കൊണ്ടുവരാനും, രഷ്ട്രീയ-സാമൂഹിക-സാംസ്‌ക്കാരികപരമായി അവരെ മുഖ്യധാരയ്‌ലെത്തിക്കാനും മറിയാമ്മ പിള്ള വഹിച്ച പങ്ക് പ്രശംസനീയമാണ്. അതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു ചിക്കാഗോയില്‍ അവര്‍ സംഘടിപ്പിച്ച യുവജനോത്സവം. യുവജനങ്ങളുടെ കൂട്ടായ്‌മയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു ആ ഉത്സവം.