മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഒരു യഥാർത്ഥ ജീവിതത്തെ ഹൃദയസ്പർശിയായി അവതരിപ്പിച്ചിരിക്കുന്ന ചിത്രം. ആനിമേഷൻ ഫിലിം വിഭാഗത്തിൽ ദേശീയ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം മെയ് 30 ന് വൈകുന്നേരം 4 മണിക്ക് പ്രദർശിപ്പിക്കും.
തിരുവനന്തപുരം: മലയാളിയായ ചലച്ചിത്ര സംവിധായകൻ ഷ്രെഡ് ശ്രീധർ സംവിധാനവും നിർമ്മാണവും നിർവഹിച്ച് അന്താരാഷ്ട്ര തലത്തിൽ വരെ ഏറെ ശ്രദ്ധ നേടിയ ചിത്രമായ ‘റീന കി കഹാനി’ മെയ് 29 മുതൽ ജൂൺ 4 വരെ നടക്കുന്ന “മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2022” ൽ പ്രദർശിപ്പിക്കും. മനുഷ്യക്കടത്തിന്റെ ഭീകര വശങ്ങളെ അതിന്റെ യാഥാർത്ഥ്യ ബോധത്തോടെ തന്നെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം അനിമേഷൻ ഫിലിം വിഭാഗത്തിന് കീഴിലുള്ള ദേശീയ മത്സര വിഭാഗത്തിലേക്കാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മെയ് 30 ന് വൈകുന്നേരം 4 മണിക്ക് ഫിലിംസ് ഡിവിഷൻ കോംപ്ലക്സിൽ ചിത്രം പ്രദർശിപ്പിക്കും. ഒമ്പതര മിനിറ്റ് ദൈർഘ്യമുള്ള ഈ ആനിമേഷൻ ചിത്രം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട യഥാർത്ഥ ജീവിതത്തെ വളരെയധികം ഹൃദയസ്പർശിയായാണ് അവതരിപ്പിച്ചിരിക്കുന്നത്. നമുക്കിടയിൽ പതിയിരിക്കുന്ന ഏജന്റുമാർ ഇപ്പോഴും അവരുടെ അടുത്ത ഇരയെ കുടുക്കാനുള്ള നെട്ടോട്ടത്തിലാണെന്ന മനുഷ്യക്കടത്തിന്റെ ഭീകരതയെയാണ് ചിത്രം കാട്ടിത്തരുന്നത്.
റീനയെന്ന പെൺകുട്ടിയുടെ യഥാർത്ഥ ജീവിതത്തെയാണ് ചിത്രം അടിസ്ഥാനമാക്കിയിട്ടുള്ളത്. ജീവിതത്തിൽ ഒട്ടേറെ സ്വപ്നങ്ങളുമായി ജീവിച്ചിരുന്ന റീന മാംസക്കച്ചവടക്കാരുടെ കെണിയിൽപ്പെടുന്നതും പിന്നീട് അവരുടെ കൈയ്യിൽ നിന്നും രക്ഷപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ശോഭനമായ ഭാവി സ്വപ്നം കാണുന്ന സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ തെറ്റായ വാഗ്ദാനങ്ങളും, മെച്ചപ്പെട്ട ജീവിത മോഹങ്ങളും നൽകി സമർത്ഥമായി ലക്ഷ്യം വയ്ക്കുന്ന വൻ റാക്കറ്റുകളിലേക്കാണ് ചിത്രം വെളിച്ചം വീശുന്നത്. ഇരകളെ വേട്ടയാടാനും ഈ ക്രിമിനൽ പ്രവൃത്തികളിലൂടെ ഉപജീവനമാർഗം നേടാനും ഏജന്റുമാർ നടത്തുന്ന ഒത്തുകളിയും കുതന്ത്രങ്ങളുമെല്ലാം ചിത്രത്തിലൂടെ സംവിധായകൻ നമുക്ക് കാട്ടിത്തരുന്നു. മറ്റൊരു തലത്തിൽ പറയുമ്പോൾ ഇതൊരു അതിജീവനത്തിന്റെ കഥ കൂടിയാണ്. അതായത് ഇത്തരം ചതികളെയും അടിച്ചമർത്തലുകളേയും എങ്ങനെ കണ്ടെത്താമെന്നും ഒഴിവാക്കാമെന്നുമുള്ള ഉൾക്കാഴ്ചയാണ് ചിത്രം സമൂഹത്തിനു നൽകുന്നത്. മനുഷ്യക്കടത്ത് വിരുദ്ധ എൻജിഒയായ വിഹാനുമായി സഹകരിച്ചു കൊണ്ടാണ് ശ്രീധറിന്റെ സ്റ്റുഡിയോ ഷ്രെഡ് ക്രിയേറ്റീവ് ലാബ് റീന കി കഹാനി നിർമ്മിച്ചിരിക്കുന്നത്. രക്ഷിതാക്കളും കുട്ടികളും ഉൾപ്പടെ എല്ലാവരും ഒരുപോലെ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത്. ഇത്തരത്തിലുള്ള അപകടസാധ്യതകൾ മനസ്സിലാക്കാനും അതുവഴി തങ്ങളെയും തങ്ങളുടെ പ്രിയപ്പെട്ടവരെയും ഇത്തരം അപകടങ്ങളിൽ നിന്നൊക്കെ സംരക്ഷിക്കാനും റീന കി കഹാനി നമ്മെ പഠിപ്പിക്കുന്നു.
എം ഐ എഫ് എഫിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ച് ഷ്രെഡ് ശ്രീധർ പ്രതികരിച്ചത് ഇപ്രകാരമാണ്: “ഈ സിനിമ എംഐഎഫ്എഫിൽ പ്രദർശിപ്പിക്കുന്നതിന് അവസരം ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത്തരമൊരു ആദരണീയമായ വേദിയിൽ തിരഞ്ഞെടുക്കപ്പെട്ടത് തീർച്ചയായും അഭിമാനകരവുമാണ്. ഈ സിനിമയിലൂടെ മനുഷ്യക്കടത്ത് പോലുള്ള ഒരു ഹീനമായ കുറ്റകൃത്യം മുഖ്യധാരാ മാധ്യമങ്ങളിൽ കൂടുതൽ ചർച്ച ചെയ്യപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വിവിധ സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള സിനിമകൾ നമുക്കുണ്ട്. ലൈംഗിക വ്യാപാരത്തിനും അടിമത്തത്തിനും കരാർ തൊഴിലിനുമൊക്കെയുള്ള മനുഷ്യക്കടത്ത് വാർത്തകളിൽ വിഷയമാകാതെ പോകുന്ന ഒരു ബില്യൺ ഡോളർ വ്യവസായമാണ്. അതിലുമൊക്കെ പ്രധാനം, അപകടങ്ങളും ഭീഷണികളും എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ച് ആളുകൾ ബോധവാന്മാരായിരിക്കേണ്ടതുണ്ട് എന്നതാണ്.”
മൈക്കോനോസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ക്രൗൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (യുകെ), രണ്ടാം കേരള ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (ചെന്നൈ), രണ്ടാം മുംബൈ ഐ എഫ് എഫ് എന്നിവയിലും മികച്ച ആനിമേഷൻ ചിത്രമായി” റീനാ കി കഹാനി അടുത്തിടെ തിരഞ്ഞെടുക്കപ്പെടുകയും അവാർഡ് നേടുകയും ചെയ്തിരുന്നു.