കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിഷ്പ്രഭമാക്കി യുഡിഎഫിന്റെ വനിതാ സ്ഥാനാര്‍ത്ഥിയായ ഉമാ തോമസ് നേടിയത് ചരിത്ര വിജയം. 25,015 വോട്ടിന്റെ വൻ ഭൂരിപക്ഷത്തോടെയാണ് ഉമ വിജയക്കൊടി പാറിച്ചത്. 2011ൽ ഈ മണ്ഡലത്തിൽ നിന്ന് ബെന്നി ബഹനാന്‍ നേടിയ 22,406 വോട്ടിന്റെ ലീഡാണ് ഉമ മറികടന്നത്. ആദ്യ റൗണ്ട് മുതൽ വോട്ടെണ്ണലിൽ ആധിപത്യം സ്ഥാപിക്കാൻ ഉമയ്ക്ക് കഴിഞ്ഞു. 2021ൽ പി ടി തോമസിന്റെ ഭൂരിപക്ഷം ആറാം റൗണ്ടിൽ 14,329 വോട്ടുകൾ മറികടന്നു. 239 ബൂത്തുകളിൽ 22 സ്ഥലത്തു മാത്രമേ എൽഡിഎഫിന് ലീഡ് നേടാനായുള്ളൂ. ഉമാ തോമസിന്റെ വിജയത്തോടെ നിയമസഭയിൽ കോൺഗ്രസിന് വനിതാ പ്രാതിനിധ്യമായി.
കൊച്ചി കോർപ്പറേഷനിലും തൃക്കാക്കര നഗരസഭയിലും ഉമാ തോമസ് വ്യക്തമായ ലീഡ് നേടി. യുഡിഎഫ് ശക്തികേന്ദ്രമായ ഇടപ്പള്ളി മുതല്‍ യുഡിഎഫ് വോട്ടെണ്ണലില്‍ കുതിച്ചു. രാവിലെ എട്ടിനുശേഷം ഒരിക്കല്‍ പോലും എല്‍ഡിഎഫ് ചിത്രത്തില്‍ വന്നില്ല. ആദ്യ നാലു റൗണ്ടുകളില്‍ എല്ലാ ബുത്തിലും ഉമ ലീഡ് ചെയ്തു. പതിവായി മുന്നിലെത്തുന്നിടത്തുപോലും ഇടത് സ്ഥാനാര്‍ഥി പിന്നിലായി. അഞ്ചാം റൗണ്ടില്‍ മാത്രമാണ് ഒരു ബൂത്തില്‍ ലീഡ് നേടിയത്.
2021-ല്‍ ആദ്യ റൗണ്ടില്‍ പിടി തോമസിന് കിട്ടിയത് 1,258 വോട്ടിന്റെ ലീഡ്. ഇക്കുറിച്ച് ഭാര്യ ഉമ തോമസ് 2,249 വോട്ട്. അവിടംമുതല്‍ കാര്യങ്ങള്‍ യുഡിഎഫിനൊപ്പം നിന്നു. തുടര്‍ന്നുള്ള റൗണ്ടുകളില്‍ പിടിയുടെ ഇരട്ടി ഭൂരിപക്ഷത്തോടെ ഉമ മുന്നേറി. അഞ്ച് റൗണ്ടുകള്‍ക്കൊണ്ട് ലീഡ് പതിനായിരത്തിലെത്തിച്ചു. കഴിഞ്ഞവട്ടം കോര്‍പറേഷന്‍ പരിധിയിലെ വോട്ടുകള്‍ എണ്ണി അവസാനിപ്പിച്ചപ്പോള്‍ അഞ്ചക്കം ലീഡ് കടന്ന പിടിയെക്കാള്‍ ഏറെ മുന്നില്‍ സഞ്ചരിക്കാന്‍ ഉമ തോമസിന് കഴിഞ്ഞു. എട്ടാം റൗണ്ടിലാണ് കോര്‍പറേഷന്‍ പരിധിയിലെ വോട്ടുകള്‍ എണ്ണിത്തീര്‍ന്നത്. ഈ ഘട്ടത്തില്‍ ലീഡ് 18,000 പിന്നിട്ടു.
പത്ത് ബൂത്തുകളിൽ ജോ ജോസഫാണ് ഇത്തവണ ലീഡ് ചെയ്തത്. അവസാന രണ്ട് റൗണ്ടുകളിൽ മാത്രമാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് ആശ്വാസമായത്. പത്ത് ബൂത്തുകളിൽ ലീഡ് കണ്ടെത്താൻ ജോ ജോസഫിന് സാധിച്ചെങ്കിലും 239ൽ ആകെ 22ൽ ഒതുങ്ങേണ്ടി വന്നു. ഒടുവിൽ ഉമാ തോമസ് റെക്കോർഡോടെ വിജയിച്ചു. ആകെ 72767 വോട്ടുകളാണ് ഉമാ തോമസിന് ലഭിച്ചത്. ജോസഫിനാകട്ടേ 47752 വോട്ടും. ബിജെപിയുടെ എഎൻ രാധാകൃഷ്ണന് 12,957 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കേരളത്തില്‍ താമര വിരിയിക്കാമെന്ന ബിജെപിയുടെ (വ്യാ)മോഹം അതോടെ പൊലിഞ്ഞു.