അലക്സാണ്ട്രിയ: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ വനിതാ ബറ്റാലിയനെ നയിച്ചതിന് ഒരു അമേരിക്കൻ വനിത ചൊവ്വാഴ്ച കുറ്റ സമ്മതം നടത്തി. വിർജീനിയയിലെ അലക്സാണ്ട്രിയയിലെ ഫെഡറൽ കോടതിയില്‍ നടന്ന വിചാരണയിലാണ് ആലിസൺ ഫ്ലൂക്ക്-എക്രെന്‍ എന്ന വനിത കുറ്റസമ്മതം നടത്തിയത്.
ഒരിക്കൽ കൻസാസിൽ താമസിച്ചിരുന്ന ഫ്ലൂക്ക്-എക്രെനെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയ്ക്ക് ഭൗതിക സഹായം നൽകിയെന്ന ക്രിമിനൽ കുറ്റം നേരിടാൻ ജനുവരിയിലാണ് അമേരിക്കയിലേക്ക് കൊണ്ടുവന്നത്. പ്രൊസിക്യൂട്ടര്‍മാര്‍ പറയുന്നതനുസരിച്ച്, 2008-ൽ ഈജിപ്തിലേക്ക് കടന്ന എക്രെന്‍, 2016-ന്റെ അവസാനത്തോടെയാണ് തീവ്രവാദ സംഘടനയില്‍ ചേരുന്നത്. സിറിയൻ നഗരമായ റാഖയിൽ എകെ-47 റൈഫിളുകൾ, ഗ്രനേഡുകൾ, ആത്മഹത്യാ ബെൽറ്റുകൾ എന്നിവ ഉപയോഗിക്കുന്നതിൽ പരിശീലനം നേടിയ അവര്‍ ഇസ്ലാമിക് സ്റ്റേറ്റ് യൂണിറ്റിന്റെ വനിതാ വിഭാഗത്തിന്റെ മേധാവിയായിത്തീര്‍ന്നു.
അമേരിക്കയിലെ ഫസ്റ്റ് അസിസ്റ്റന്റ് യുഎസ് അറ്റോർണി രാജ് പരേഖ് സമർപ്പിച്ച ഒരു തടങ്കൽ മെമ്മോ പറയുന്നത്, കുട്ടികളെ ആക്രമണ റൈഫിളുകൾ എങ്ങനെ ഉപയോഗിക്കണമെന്ന് ഫ്ലൂക്ക്-എക്രെന്‍ പരിശീലിപ്പിച്ചിരുന്നുവെന്നാണ്. തെളിവായി, സിറിയയിലെ കുടുംബ വീട്ടിൽ ഏകദേശം 6-7 വയസ് പ്രായമുള്ള ഒരു കുട്ടി മെഷീൻ ഗൺ കൈവശം വച്ചിരിക്കുന്നത് കണ്ടു എന്നുമാണ്.
യുഎസിലെ ഒരു കോളേജ് കാമ്പസ് ആക്രമിക്കാൻ ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകരെ റിക്രൂട്ട് ചെയ്യാൻ ഫ്ലൂക്ക്-എക്രൻ പദ്ധതി തയ്യാറാക്കിയിരുന്നുവെന്നും, ഒരു ഷോപ്പിംഗ് മാളിൽ നടക്കാവുന്ന ഭീകരാക്രമണത്തെക്കുറിച്ച് ചർച്ച ചെയ്തതായും പ്രോസിക്യൂട്ടർമാർ പറഞ്ഞു.
ഫ്ലൂക്ക്-എക്രെനെതിരെ സീല്‍ ചെയ്ത ഒരു ക്രിമിനൽ പരാതി 2019 ൽ ഫയല്‍ ചെയ്തിരുന്നു. എന്നാൽ, കുറ്റാരോപണം നേരിടാൻ യുഎസിലേക്ക് തിരികെ കൊണ്ടുവരുന്നതു വരെ അത് പരസ്യമാക്കിയിരുന്നില്ല.