ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ബിജെപിയെ പ്രതിനിധീകരിച്ച് പാർട്ടി അദ്ധ്യക്ഷൻ ജെപി നദ്ദയ്ക്കും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനും എല്ലാ പ്രതിപക്ഷ പാർട്ടികളുമായും ചർച്ച നടത്താനുള്ള ചുമതല നൽകി. എൻ.ഡി.എ, യു.പി.എ ഇതര കക്ഷികളുമായി അനുരഞ്ജനം നടത്താനുള്ള ഉത്തരവാദിത്വമാണ് ബി.ജെ.പി ഈ രണ്ട് നേതാക്കൾക്കും നൽകിയിട്ടുള്ളത്.
രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18 നാണ് നടക്കുന്നത്. ജൂലൈ 21 ന് രാജ്യത്തിന് പുതിയ പ്രസിഡന്റിനെ ലഭിക്കും. ജൂൺ 29 ആയിരിക്കും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ടിഎംസി അദ്ധ്യക്ഷയുമായ മമത ബാനർജി ജൂൺ 15 ന് പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചിരുന്നു. എൻഡിഎ ഇതര പാർട്ടികളുടെയും പ്രതിപക്ഷ പാർട്ടികളുടെയും മുഖ്യമന്ത്രിമാരെയും അവര്‍ ക്ഷണിച്ചിട്ടുണ്ട്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലാണ് സമ്മേളനം. ക്ഷണിക്കപ്പെട്ട പ്രമുഖ നേതാക്കളിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ, സീതാറാം യെച്ചൂരി, ഉദ്ധവ് താക്കറെ തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടുന്നു.
രാഷ്ട്രപതി തിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ പ്രത്യേകം മഷി നിറച്ച പേനയായിരിക്കും നല്‍കുക. വോട്ട് ചെയ്യാൻ 1,2,3 എന്നെഴുതി ചോയ്സ് രേഖപ്പെടുത്തണം. ഫസ്റ്റ് ചോയ്സ് എന്ന് രേഖപ്പെടുത്തിയില്ലെങ്കില്‍ വോട്ട് റദ്ദാകും. നാളത്തെ രാജ്യസഭാ തിരഞ്ഞെടുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പേന നൽകും.