തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ ആക്രമിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായ അക്രമം അരങ്ങേറി. മിക്കയിടത്തും കോൺഗ്രസ് ഓഫീസുകൾ അടിച്ചു തകർത്തു. ഇതോടെ പലയിടത്തും കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമാസക്തരായി. സംസ്ഥാനത്തുടനീളം സംഘർഷാവസ്ഥ തുടരുകയാണ്.
കൊല്ലം ചവറയിൽ മുഖ്യമന്ത്രിയുടെ കോലം കത്തിക്കാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ തടയാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരു കോൺഗ്രസ് പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന് അജ്ഞാതരുടെ ആക്രമണത്തിൽ പരിക്കേറ്റു. സി പി മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടൂരിലും കാസര്‍കോടും കണ്ണൂര്‍ ഇരിട്ടിയിലും കോണ്‍ഗ്രസ് ഓഫിസുകള്‍ക്കു നേരെ ആക്രമണം ഉണ്ടായി. കണ്ണൂരില്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ ഭാര്യാവീട് ആക്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. കെ.പി.സി.സി ഓഫിസ് ആക്രമണത്തിനു പിന്നാലെ പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശാസ്തമംഗത്ത് പ്രവര്‍ത്തിക്കുന്ന വി.കെ പ്രശാന്ത് എം.എല്‍.എയുടെ ഓഫിസിലേക്ക് കടന്നു കയറാന്‍ നടത്തിയ ശ്രമം പൊലിസ് തടഞ്ഞു.
രാത്രി വൈകിയും കെപിസിസി ആസ്ഥാനത്തിന് മുന്നിൽ ഡിവൈഎഫ്ഐ-കോൺഗ്രസ് പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി. തലസ്ഥാനത്ത് സംഘർഷാവസ്ഥ തുടരുകയാണ്. സംഘർഷ സാധ്യതയുള്ള പ്രദേശത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.