വനം പരിസ്ഥിതി വകുപ്പിന്റെ രാജ്യാന്തര സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കോട്ടയം: സംസ്ഥാന വനം പരിസ്ഥിതി വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെയും രാജ്യാന്തര പരിസ്ഥിതി സാമ്പത്തിക ഏജന്‍സികളുമായുള്ള ബന്ധങ്ങളും പരിസ്ഥിതി വനം സംരക്ഷണത്തിന്റെയും വ്യാപനത്തിന്റെയും മറവിലുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷണവിധേയമാക്കണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

വനവല്‍ക്കരണത്തിന്റെ പേരിലുള്ള സൗജന്യ വൃക്ഷത്തൈ വിതരണത്തിന്റെ പിന്നിലും രാജ്യാന്തര ഏജന്‍സികളില്‍ നിന്നു ലഭിച്ച കാര്‍ബണ്‍ ഫണ്ടാണെന്നുള്ള ആക്ഷേപം നിലനില്‍ക്കുന്നു. വനസംരക്ഷണത്തിന്റെ പേരില്‍ കേരളത്തിലെ പല പരിസ്ഥിതി മൗലികവാദ സംഘടനകളും വന്‍ വിദേശ സാമ്പത്തിക സഹായത്തിന്റെ വീതം പറ്റുന്നുണ്ടെന്നുള്ളതിന്റെ തെളിവുകള്‍ വിവിധ രാജ്യാന്തര ഏജന്‍സികളുടെ വെബ്‌സൈറ്റുകളില്‍ നിന്ന് ലഭ്യമാണ്. കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരുംവരെ പശ്ചിമഘട്ടത്തെ സംരക്ഷിക്കുവാനും ഗവേഷണത്തിനുമായി ലക്ഷക്കണക്കിന് വിദേശപണം സ്വീകരിക്കുന്നതും അന്വേഷണവിധേയമാക്കേണ്ടതുണ്ട്.

യുഎസ് എയ്ഡ് എന്ന അമേരിക്കന്‍ പ്രസ്ഥാനത്തിന്റെ വെബ്‌സൈറ്റില്‍ വിവിധ പദ്ധതികളിലൂടെ ഇന്ത്യയിലേയ്ക്കും കേരളത്തിനും നല്‍കുന്ന കാര്‍ബണ്‍ ഫണ്ടിന്റെ സൂചനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. യുഎസ് എയ്ഡ് ഫോറസ്റ്റ് പ്ലസ് 2 എന്ന പദ്ധതിയിലൂടെ കേരളം, ബീഹാര്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ പങ്കാളികളാണെന്ന് വ്യക്തമായിരിക്കുമ്പോള്‍ മലയോരജനതയുടെ ജീവനെപ്പോലും വെല്ലുവിളിച്ച് വിദേശശക്തികളില്‍ നിന്ന് ഒറ്റുകാശു വാങ്ങുന്നവരായി സംസ്ഥാനത്തെ ഉദ്യോഗസ്ഥ വൃന്ദങ്ങളും ഭരണസംവിധാനങ്ങളും പരിസ്ഥിതി മൗലികവാദികളും മാറിയിരിക്കുന്ന വഞ്ചനയുടെ ചിത്രം പൊതുസമൂഹം തിരിച്ചറിയണം. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാത്തതിന്റെയും വന്യജീവികള്‍ ജനവാസമേഖലകളിലേയ്ക്കിറങ്ങി മനുഷ്യനെ കൊലപ്പെടുത്തുന്ന ക്രൂരതയ്ക്ക് വനംവകുപ്പ് തടയിടാത്തതിന്റെയും പിന്നില്‍ ഇത്തരം വിദേശ സാമ്പത്തിക ഇടപാടുകളാണെന്നുള്ളത് വളരെ വ്യക്തമാണ്.

വനം-വന്യജീവി വിഷയങ്ങളില്‍ കോടതിയെ സമീപിക്കുകയും അനുകൂലവിധി നേടി നിയമനിര്‍മ്മാണം നടത്തി വനവല്‍ക്കരണമെന്ന കുതന്ത്രമാണ് വനം പരിസ്ഥിതി മന്ത്രാലയം കാലാകാലങ്ങളായി തുടരുന്നത്. ഇത് ഒഴിവാകണമെങ്കില്‍ നിലവിലുള്ളതും കാലഹരണപ്പെട്ടതുമായ വനനിയമങ്ങളും ഭൂനിയമങ്ങളും റദ്ദ്‌ചെയ്യണം. ഇതിന് ശ്രമിക്കാന്‍ ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികള്‍ യഥാര്‍ത്ഥ വസ്തുതകള്‍ പഠിക്കാതെ ഉദ്യോഗസ്ഥര്‍ക്ക് അടിമപ്പണി ചെയ്യുന്ന ദുര്‍വിധിയാണ് മലയോരസമൂഹമിന്ന് നേരിടുന്നതെന്നും നിലനില്‍പ്പിനായുള്ള സംഘടിത പോരാട്ടം മണ്ണിന്റെ മക്കള്‍ തുടരണമെന്നും വി.സി.സെബാസ്റ്റ്യന്‍ കൂട്ടിച്ചേര്‍ത്തു.

അഡ്വ. ബിനോയ് തോമസ്
സംസ്ഥാന ചെയര്‍മാന്‍

അമേരിക്കൻ സർക്കാരിന്റെ ഓൺലൈൻ രേഖ
https://www.usaid.gov/India/partnership-sustainable-forests-india

Print Friendly, PDF & Email

Leave a Comment

More News