ഈ നട്ടുച്ചയിൽ നിൻറെ സൂര്യനസ്തമിച്ചുവോ?
ഇന്നീ ഗ്രഹണാന്ധകാരത്തിന്നിടനാഴിയിൽ
പലവഴിപിരിഞ്ഞുപോകുമീയിടത്തിൽ
ദിശയും ദിക്കുമറിയാതെ പകച്ചു നിൽക്കയോ?
നിഴൽ പോലെയനുഗമിച്ച നോവിലും
നീ നിൻറെ മോഹമുല്ലയ്‌ക്ക് തണ്ണീർ തേവി
വെയിൽ തട്ടാതെ കാത്തിട്ടുമതിൽ
നിനക്കായൊരു പൂവലർന്നില്ലിന്നുമെന്തോ!
പിന്നെയും പിന്നെയും മനസ്സിലൊരു
വസന്തത്തിൻറെ കിളിപ്പാട്ടുമായ്
അരുമയായൊരു മോഹനടനമുണ്ടോ?
പ്രിയമുള്ളൊരാളുടെ പാട്ടിന് കാതോർക്കയോ?
നിലാവുടുത്തിലഞ്ഞിപ്പൂമണം ചൂടി
ജാലകവിരിയുലച്ചു ചൂളം വിളിക്കുമിളം
തെമ്മാടിക്കാറ്റിന്നറിയുമോ നിന്നുള്ളിൽ
കുളിരായ് വിടർന്നൊരീ പാഴ്കിനാവിനെ?
എങ്കിലും കേൾക്കുന്നു ഞാൻ നിൻറെയീ
പഴകിപ്പിഞ്ഞിയ കടലാസു പോലുള്ള
മനസ്സിൻ മയില്പീലിയെങ്ങോ കളഞ്ഞു
പോയൊരാത്മ ദുഃഖത്തിൻ തേങ്ങലുകൾ!
ഇനിവരും വസന്തമെങ്കിലും നിൻറെ
വിജനവീഥിയിൽ പൂ വിതറട്ടെ
ഇനിവരും വർഷമെങ്കിലും നിൻറെ
മുഖം കഴുകിയുമ്മ വെക്കട്ടെ
എവിടെയോ പഞ്ചമം പാടുന്നൊരു കിളി
എവിടെയോ മാരിവിൽ നൂലിലൊരു
വസന്തഹാരം തീർക്കുന്നു മാദകസ്വപ്നം
നിനക്കു മാത്രമൊരു ഋതുഭേദമുണ്ടെങ്ങോ!
ഋതുസ്പർശത്തിൻറെ മുന്നേ നിനക്കൊരു
ദൂതുമായോടി വന്നതാണ് ഞാൻ
നിന്നരികിലിത്തിരി നേരമിരിക്കാം
ഒരു ചെറുതണലേകുമിളം കുളിർ പോൽ!