രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസ് തകര്‍ത്ത സംഭവം; ബഫര്‍ സോണ്‍ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചതായി രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ബഫർ സോൺ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചതായി രാഹുല്‍ ഗാന്ധി. ഫെയ്സ്ബുക്കില്‍ അദ്ദേഹം കത്തുകള്‍ പോസ്റ്റ് ചെയ്തു. ബഫർ സോൺ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തതിന് പിന്നാലെയാണ് കത്തിന്റെ ഉള്ളടക്കം രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ദേശീയ പാർക്കുകൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതി ലോല പ്രദേശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പ്രതികൂലമായി ബാധിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ ദുരിതം ശ്രദ്ധയിൽപ്പെടുത്താനാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതി, വനം, കാലാവസ്ഥ മന്ത്രാലയത്തോടും പരിസ്ഥിതിലോല മേഖലകളുടെ പരിധി കുറയ്ക്കാൻ അഭ്യർഥിക്കാൻ സർക്കാരുകൾക്ക് സാധിക്കും. വിഷയത്തില്‍ കേരള മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ടെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ എസ്‌എഫ്ഐ നടത്തിയ മാർച്ചിനിടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകർത്തത്. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ കല്‍പ്പറ്റ കൈനാട്ടി എസ്.ബി.ഐക്കു സമീപമുള്ള ഓഫീസിലേക്കു ഇരച്ചുകയറുകയും ഓഫീസിലെ സാധനസമാഗ്രികൾ അടിച്ചുതകര്‍ക്കുകയുമായിരുന്നു.സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ കോൺഗ്രസ്- യൂത്ത് കോൺഗ്രസ്- കെഎസ്‌യു പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. തിരുവനന്തപുരത്ത് എകെജി സെന്‍ററിലേക്ക് നടന്ന പ്രതിഷേധ മാർച്ചില്‍ പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. പലയിടത്തും പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറി.

https://www.facebook.com/rahulgandhi/posts/589213659231380

Print Friendly, PDF & Email

Leave a Comment

More News