കണ്ണൂർ: പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റു ചെയ്തു. തായിനേരി സ്വദേശി ടി. അമല്‍, മുരിക്കൂവല്‍ സ്വദേശി എം.വി. അഖില്‍ എന്നിവരെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടാളികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പോലീസ് പറഞ്ഞു.
അക്രമം നടത്തിയവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും അറസ്റ്റ് ചെയ്തില്ലെന്നാരോപിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ രണ്ടാഴ്ചയായിട്ടും ഒരാളെപ്പോലും പിടികൂടാനാകാത്ത കേരള പോലീസിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍, ഗാന്ധി പ്രതിമ തകര്‍ത്തവരെക്കുറിച്ചുള്ള വിവരങ്ങള്‍ ദൃക്സാക്ഷികള്‍ നല്‍കിയിട്ടും അറസ്റ്റിലേക്ക് പോലീസ് നീങ്ങിയിരുന്നില്ല. പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന വിശദീകരണമായിരുന്നു പയ്യന്നൂര്‍ പോലീസ് നല്‍കിയിരുന്നത്.
മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളിലാണ് പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസായ ഗാന്ധി മന്ദിരം അടിച്ചു തകര്‍ത്തത്. മന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല തകര്‍ത്ത നിലയിലായിരുന്നു. പയ്യന്നൂരില്‍ കാറമേല്‍ യൂത്ത് സെന്ററും അടിച്ചു തകര്‍ത്തു. സമാനമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ്- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സിപിഎം പ്രവര്‍ത്തകരെ പോലീസ് സംരക്ഷിക്കുന്നവെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കഴിഞ്ഞ ദിവസം ആരോപിച്ചത്.